'ബലമായി കെട്ടിപ്പിടിച്ചു, കിടക്കയിലേക്ക് വിളിച്ചു'; ബ്രിജ് ഭൂഷണെതിരെ ഗുരുതര ആരോപണങ്ങൾ
"ശ്വാസപരിശോധന നടത്തുകയാണ് എന്ന വ്യാജേന നെഞ്ചിൽ കൈവച്ചു മേലോട്ടും താഴോട്ടും തടവി"
ന്യൂഡൽഹി: ബിജെപി എംപിയും ദേശീയ റെസ്‌ലിങ് ഫെഡറേഷൻ പ്രസിഡണ്ടുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള എഫ്‌ഐആറിൽ ഗുരുതര ആരോപണങ്ങൾ. രാജ്യത്തിനായി മെഡൽ നേടിയ താരമടക്കം ഏഴു പേരാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചത്. സ്വർണമെഡൽ നേടിയ ദിവസം ബ്രിജ് ഭൂഷൺ മുറിയിലേക്ക് വിളിപ്പിച്ച് ബലമായി കെട്ടിപ്പിടിച്ചെന്നും ലൈംഗികാവശ്യങ്ങൾക്കായി സമീപിച്ചെന്നും സ്വര്‍ണ മെഡല്‍ ജേത്രി മൊഴി നൽകി.
'സമ്മതമില്ലാതെയാണ് ബ്രിജ് ഭൂഷൺ എന്നെ ആലിംഗനം ചെയ്തത്. വർഷങ്ങളായി നിരന്തരം ലൈംഗിക ഉപദ്രവങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. മോശം പെരുമാറ്റങ്ങൾ തുടരുകയും ചെയ്യുന്നു.' - അവർ പറഞ്ഞു. താരങ്ങളുടെ നെഞ്ചിന് മുകളിലൂടെ തടവൽ, നാഭിയിൽ തൊടൽ തുടങ്ങിയവയും പതിവായിരുന്നെന്ന് എഫ്‌ഐആറിൽ പറയുന്നു. പ്രായപൂർത്തിയെത്താത്ത ഒരു താരവും ബ്രിജ് ഭൂഷണെതിരെ മൊഴി നൽകിയിട്ടുണ്ട്. ഒന്നിച്ചു ചിത്രമെടുക്കാനെന്ന വ്യാജേന ശരീരം അമർത്തിപ്പിടിച്ചു. നെഞ്ചിന് മുകളിലൂടെ കൈകൾ ചലിപ്പിച്ചു... എന്നിങ്ങനെയാണ് ഇവരുടെ ആരോപണങ്ങൾ.
ദേശീയ മാധ്യമമായ ഇന്ത്യൻ എക്‌സ്പ്രസ് എഫ്‌ഐആറിലെ വിവരങ്ങൾ വിശദമായി റിപ്പോർട്ടു ചെയ്തു. താരങ്ങളുടെ പരാതികൾ ഇങ്ങനെ;
* ഒരു ദിവസം രാത്രി ഹോട്ടലിലെ റസ്റ്ററൻഡിൽ വച്ച് ബ്രിജ്ഭൂഷൺ അത്താഴ മേശയിലേക്ക് വിളിച്ചു. അദ്ദേഹം എന്റെ നെഞ്ചിൽ കൈവച്ച് തടവി. വയറിന് താഴേക്ക് കൈ കൊണ്ടുപോയി. ഞാനാകെ സ്തബ്ധയായിപ്പോയി. എന്റെ അവിശ്വാസം കണ്ടിട്ടും അയാൾ വീണ്ടും കൈ താഴോട്ടും മുകളിലോട്ടും ചലിപ്പിച്ചു. റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഓഫീൽ വച്ച് കൈത്തലം, മുട്ട്, തുട എന്നിവയിൽ എന്റെ സമ്മതമില്ലാതെ സ്പർശിച്ചു. ആ നേരം ഞാൻ നിന്നു വിറയ്ക്കാൻ തുടങ്ങി. അയാളുടെ കാലു കൊണ്ട് എന്റെ മുട്ടിൽ തടവാൻ തുടങ്ങി. ശ്വാസപരിശോധന നടത്തുകയാണ് എന്ന വ്യാജേന നെഞ്ചിൽ കൈവച്ചു മേലോട്ടും താഴോട്ടും ചലിപ്പിച്ചു.
* ഞാൻ പായയിൽ കിടക്കവെ, കോച്ചില്ലാത്ത ഒരു സമയത്ത് ബ്രിജ് ഭൂഷൺ അടുത്തുവന്നു. സമ്മതമില്ലാതെ ടീഷർട്ട് പൊന്തിച്ചു. ശ്വാസഗതി പരിശോധിക്കുകയാണ് എന്ന വ്യാജേന നെഞ്ചിൽ കൈ വച്ച് വയറിന് മുകളിലൂടെ മുകളിലോട്ടും താഴോട്ടും തടവി. ഫെഡറേഷന്റെ ഓഫീസിൽ നടത്തിയ ഒരു സന്ദർശനത്തിനിടെ സിങ് എന്നെ മുറിയിലേക്ക് എന്നെ വിളിച്ചു. കൂടെയുണ്ടായിരുന്ന സഹോദരനോട് അവിടെ നിൽക്കാൻ പറഞ്ഞു. വാതിലടച്ച് എന്നെ ശരീരത്തോട് ചേർത്തുനിർത്തി. ബലമായി ദേഹത്തോട് അടുപ്പിച്ചു.
* ഒരിക്കൻ എന്റെ രക്ഷിതാക്കളുടെ ഫോണിലാണ് ബ്രിജ് ഭൂഷൺ വിളിച്ചത്. അയാൾ ഇരിക്കുന്ന കിടക്കയിലേക്ക് ക്ഷണിച്ചു. വേഗത്തിൽ എന്റെ സമ്മതമില്ലാതെ എന്നെ ബലമായി കെട്ടിപ്പിടിച്ചു. ഒരു അത്‌ലറ്റെന്ന നിലയിൽ ആവശ്യമുള്ള സാധനങ്ങൾ വാങ്ങി തന്നാൽ പ്രത്യുപകാരമായി ലൈംഗികാവശ്യങ്ങൾ നിറവേറ്റി നൽകാമോ എന്നു ചോദിച്ചു.
* എന്റെ ടീ ഷർട്ട് പൊന്തിച്ച് വയറിൽ കൈവച്ച് താഴോട്ടും മുകളിലോട്ടും തടവി. ശ്വാസം പരിശോധിക്കുകയാണ് എന്ന വ്യാജേനയാണ് ഇതെല്ലാം ചെയ്തത്. ഞാനടക്കമുള്ള പെൺകുട്ടികൾക്കു നേരെ മാന്യമല്ലാത്ത രീതിയിൽ സംസാരിക്കുകയും ചേഷ്ടകൾ കാണിക്കുകയും ചെയ്തിരുന്നു. പേടിച്ചിട്ട് ഞങ്ങൾ ഒന്നിച്ചാണ് പ്രാതലിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പോയിക്കൊണ്ടിരുന്നത്.
* ടീം ഫോട്ടോയ്ക്കായി ഞാൻ ഏറ്റവും ഒടുവിലെ വരിയിൽ നിൽക്കുകയായിരുന്നു. ആ നേരം ബ്രിജ് ഭൂഷൺ വന്ന് എന്റെ നിതംബത്തിൽ പിടിച്ചു. ഞാനാകെ സ്തബ്ധയായി. ഞാൻ കുതറി മാറാൻ ശ്രമിച്ചപ്പോൾ അയാൾ എന്റെ ചുമലിൽ ബലമായി പിടിച്ച് അവിടെ തന്നെ നിർത്തി.
* ഒന്നിച്ചു ചിത്രമെടുക്കാനെന്ന വ്യാജേന ബ്രിജ് ഭൂഷൺ എന്നെ ശരീരത്തോട് ചേർത്തുനിർത്തി. ഞാൻ കുതറാൻ ശ്രമിച്ചു. രക്ഷപ്പെടാൻ ശ്രമിക്കവെ വലിയ സ്മാർട്ടാകേണ്ട. ഭാവിയിലും ടൂർണമെന്റുകൾക്ക് പരിഗണിക്കേണ്ടേ എന്ന് അയാൾ ചോദിച്ചു.
ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി മുതലാണ് ഒളിംപിക് മെഡൽ ജേതാക്കളായ ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, ലോക റസ്ലിഹ് ചാമ്പ്യൻഷിപ്പ് ജേതാവ് വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങൾ സമരം ആരംഭിച്ചത്. പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ ഏപ്രിൽ 23ന് വീണ്ടും താരങ്ങൾ പ്രതിഷേധവുമായെത്തി. ഏപ്രിൽ 21ന് ഏഴു ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയിട്ടുള്ളത്.