ബ്രാഹ്മണരെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തു; ചത്തീസഗഡ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ കേസ്
പിതാവിനോട് യോജിക്കുന്നില്ലെന്നും, ആരും നിയമത്തിന് അതീതരല്ലെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍.
ബ്രാഹ്‌മണരെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത ചത്തീസഗഡ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രി ഭൂപേഷ് ബാഘലിന്റെ പിതാവ് നന്ദ്കുമാര്‍ ബാഘലിനെതിരെയാണ് ചത്തീസ്ഗഡ് പൊലീസ് എഫ്.ഐ.ആര്‍ ചുമത്തിയിരിക്കുന്നത്. പിതാവിന്റെ വാദങ്ങളോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് നന്ദകുമാര്‍ ബാഘല്‍ ബ്രാഹ്‌മണരെ അധിക്ഷേപിച്ചതായി പറയപ്പെടുന്നത്. ഇന്ത്യയിലെ എല്ലാ ഗ്രാമീണരോടും താന്‍ ആവശ്യപ്പെടുന്നത്, ബ്രാഹ്‌മണരെ ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കരുത് എന്നാണ്. മറ്റു ജാതിക്കാരോടും ഇത് ആവശ്യപ്പെട്ട് ബ്രാഹ്‌മണരെ നമുക്ക് ബഹിഷ്‌കരിക്കണമെന്നാണ് നന്ദ്കുമാര്‍ ബാഘല്‍ പറഞ്ഞതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. സര്‍വ ബ്രാഹ്‌മിണ്‍ സമാജിന്റെ പരാതിയില്‍ ഡി.ഡി നഗര്‍ പൊലീസ് ബാഘലിനെതിരെ കേസെടുത്തു.
എന്നാല്‍ പിതാവിന്റെ വാക്കുകളോട് യോജിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍ പറഞ്ഞു. ആരും നിയമത്തിന് അതീതരല്ല. പിതാവുമായി ആശയപരമായി നേരത്തെ തന്നെ തന്നെ തനിക്കുള്ള ഭിന്നത എല്ലാവര്‍ക്കുമറിയുന്നതാണ്. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ബ്രാഹ്‌മണരെയും തന്നെയും വേദനിപ്പിക്കുന്നതാണെന്നും ഭൂപേഷ് കുറിപ്പില്‍ വ്യക്തമാക്കി.