'അശോക് ഗെഹ്‌ലോട്ട് രാവണൻ, ഭരണം അവസാനിപ്പിക്കണം'; കേന്ദ്രമന്ത്രിക്കെതിരെ കേസ്
കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെതിരെയാണ് രാജസ്ഥാൻ പൊലീസ് കേസെടുത്തത്.
ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ രാവണനെന്ന് വിളിച്ച കേന്ദ്രമന്ത്രിക്കെതിരെ കേസ്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെതിരെയാണ് രാജസ്ഥാൻ പൊലീസ് കേസെടുത്തത്. പ്രാദേശിക കോൺഗ്രസ് നേതാവ് സുരേന്ദ്ര സിങ് ജദാവത്ത് ആണ് പരാതി നൽകിയത്.
വ്യാഴാഴ്ച ബി.ജെ.പിയുടെ മഹാക്രോഷ് സഭാ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം. അശോക് ഗെഹ്‌ലോട്ട് രാഷ്ട്രീയത്തിലെ രാവണനാണെന്നും അദ്ദേഹത്തിന്റെ ഭരണം അവസാനിപ്പിക്കണമെങ്കിൽ സംസ്ഥാനത്ത് രാമരാജ്യം സ്ഥാപിക്കാൻ ജനങ്ങൾ കൈകൾ ഉയർത്തി നിശ്ചയിക്കണമെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ.
സഞ്ജീവനി ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട് ഷെഖാവത്ത് അഴിമതിക്കാരനാണെന്ന് ഗെഹ്‌ലോട്ട് പരസ്യമായി പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ ഷെഖാവത്ത് ഗെഹ് ലോട്ടിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.