ഔറംഗസീബിന്റെ ചിത്രം വാട്ട്സ്ആപ്പ് സ്റ്റാറ്റസാക്കി; മഹാരാഷ്ട്രയിൽ 14കാരനെതിരെ കേസ്
പ്രദേശത്ത് സംഘർഷം ഉടലെടുത്തതിനു പിന്നാലെ, വിദ്യാർഥി സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തി വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു.
ഭോപ്പാൽ: ഔറംഗസീബിന്റെ ചിത്രം വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയതിന് 14കാരനെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. ബീഡ് ജില്ലയിലാണ് സംഭവം. സംഭവത്തിൽ പ്രദേശത്ത് സംഘർഷം ഉടലെടുത്തതിനു പിന്നാലെ, സ്‌കൂൾ വിദ്യാർഥി സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യുകയും പോസ്റ്റിന് ക്ഷമാപണം നടത്തി വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടും ഹിന്ദുത്വ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു.
“ഞങ്ങൾ ഇന്നലെ രാത്രി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 14കാരനെതിരെ ഐപിസി 295(എ), 505 (ബി) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്- ബീഡ് പൊലീസ് സൂപ്രണ്ട് നന്ദകുമാർ താക്കൂർ പറഞ്ഞു.
സ്‌കൂൾ അവധിക്കാലത്ത് കുട്ടി മുംബൈയിലായിരുന്നെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. തന്റെ പോസ്റ്റ് പ്രദേശത്ത് വർഗീയ സംഘർഷത്തിന് ഇടയാക്കിയെന്ന് മനസിലാക്കിയ കുട്ടി, സന്ദേശം ഡിലീറ്റ് ചെയ്യുകയും തന്റെ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞുള്ള വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു.
കുട്ടി തിരിച്ചെത്തിയാൽ, എവിടെ നിന്നാണ് ചിത്രം ലഭിച്ചതെന്നും മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും കണ്ടെത്താൻ ചോദ്യം ചെയ്യുമെന്നും താക്കൂർ പറഞ്ഞു. നടപടിക്രമമനുസരിച്ച് കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് സൂപ്രണ്ട് കൂട്ടിച്ചേർത്തു.
ഔറംഗസേബിനെയും ടിപ്പു സുൽത്താനെയും കുറിച്ചുള്ള പോസ്റ്റിന്റെ പേരിൽ മഹാരാഷ്ട്രയിലെ കോലാപൂരിൽ ഹിന്ദുത്വ സംഘടനകൾ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസമായിരുന്നു ഇത്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. സംഘർഷത്തിൽ 37 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൂന്നു പേർ മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ചിത്രം വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതാണ് സംഘർഷത്തിന് കാരണമായത്. സ്റ്റാറ്റസ് വൈറലായതോടെ ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായി. നിലവിൽ സ്ഥിതി ശാന്തമാണെന്നും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.
പ്രധാന സംഘർഷ മേഖലകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഹിന്ദുത്വ സംഘടനകൾ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. കടകളും വാഹനങ്ങളും അടിച്ചുതകർത്തിരുന്നു. എല്ലാവരും സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ആവശ്യപ്പെട്ടു.