മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പരാമർശം; വൊക്കലിഗ മഹാസംസ്ഥാന മഠം തലവനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു
പരാമർശത്തിൽ ഖേദപ്രകടനവുമായി കുമാര ചന്ദ്രശേഖരനാഥ സ്വാമിജി രംഗത്തെത്തിയിരുന്നു
ബെംഗളൂരു: മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പരാമർശത്തിൽ വിശ്വ വൊക്കലിഗ മഹാസംസ്ഥാന മഠം തലവൻ കുമാര ചന്ദ്രശേഖരനാഥ സ്വാമിജിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്. ഒരു സാമൂഹിക പ്രവർത്തകൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വാമിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഭാരതീയ കിസാൻ സംഘ് ചൊവ്വാഴ്ച ബെംഗളൂരുവിൽ സംഘടിപ്പിച്ച കർഷക റാലിയിലായിരുന്നു സ്വാമിജിയുടെ വിവാദ പരാമർശം. മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കാൻ നിയമം കൊണ്ടുവരണമെന്നും വഖഫ് ബോർഡ് ഇല്ലാതാക്കാണമെന്നുമായിരുന്നു സ്വാമിജി റാലിയിൽ പറഞ്ഞത്. എന്നാൽ പരാമർശത്തിൽ ഖേദപ്രകടനവുമായി കുമാര ചന്ദ്രശേഖരനാഥ സ്വാമിജി രംഗത്തെത്തിയിരുന്നു. പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയായിരുന്നു ഖേദപ്രകടനം.
'വൊക്കലിഗക്കാർ എല്ലാ മതങ്ങളോടും സഹിഷ്ണുത പുലർത്തുന്നവരാണ്. എല്ലാ മതവിശ്വാസികളോടും ഞങ്ങൾ എല്ലായിപ്പോഴും ഒരുപോലെയാണ് പെരുമാറിയിട്ടുള്ളത്. ഞങ്ങളുടെ മഠം മുസ്‌ലിംകളുമായി സൗഹാർദപരമായ ബന്ധം പുലർത്തുന്നു, അവർ ഞങ്ങളെ പതിവായി സന്ദർശിക്കാറുണ്ട്. അതുപോലെ, ഞങ്ങൾ അവരുടെ വിവാഹങ്ങളിലും മറ്റ് സന്തോഷകരമായ ചടങ്ങുകളിലും പങ്കെടുക്കുന്നു. അതുകൊണ്ട് ഈ സമൂഹത്തോട് അസഹിഷ്ണുതയില്ല' എന്നായിരുന്നു സ്വാമിജി പറഞ്ഞത്.