മണിപ്പൂരിൽ പോളിങ് സ്റ്റേഷനിൽ വെടിവെപ്പ്: മൂന്ന് പേർ അറസ്റ്റിൽ
32 തോക്കുകളും മൂന്ന് മൊബൈൽ ഫോണുകളും ഒരു കാറും പിടിച്ചെടുത്തു
ന്യൂഡൽഹി: മണിപ്പൂരിലെ പോളിങ് സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ അറസ്റ്റിൽ. 32 തോക്കുകളും മൂന്ന് മൊബൈൽ ഫോണുകളും ഒരു കാറും പിടിച്ചെടുത്തു. അട്ടിമറി സംശയിക്കുന്ന ഇടങ്ങളിൽ റീപോളിങ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 68.3 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇന്നലെ വോട്ടെടുപ്പ് ആരംഭിച്ച് രണ്ട് മണിപ്പൂർ പിന്നിട്ടപ്പോഴാണ് ഇന്നർ മണിപ്പൂരിലെ വിവിധ പോളിങ് ബൂത്തുകൾ പിടിച്ചെടുക്കാൻ അക്രമികൾ ശ്രമിച്ചത്.
അക്രമികളെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു. നാലിടത്ത് നാല് വോട്ടുയന്ത്രങ്ങൾ അക്രമികൾ തകർത്തു. ഒരു ബൂത്തിൽ വോട്ടുയന്ത്രം അഗ്നിക്കിരയാക്കി. ഈ കേസുകളിലാണ് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
ബിഷ്ണുപുർ ജില്ലയിലെ തമ്നപോക്പിയിലാണ് ആയുധധാരികൾ പോളിങ് ബൂത്ത് പിടിച്ചെടുക്കാൻ ശ്രമം നടത്തിയത്. വോട്ടർമാരെ വോട്ട് ചെയുന്നതിൽ നിന്ന് പിന്തിരിപ്പിക്കലായിരുന്നു ലക്ഷ്യം. കോൺഗ്രസ് ബൂത്ത് ഏജന്റ്മാരെ ബൂത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമവുമുണ്ടായി. ഇതോടെയാണ് പോളിങ് നിർത്തി ബൂത്ത് അടച്ചത്. വോട്ടർമാർ പ്രതിഷേധിച്ചതോടെയാണ് റീ പോളിങ് നടത്താൻ തെരഞ്ഞടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
രണ്ട് ലോക്സഭാ മണ്ഡലങ്ങൾ മാത്രമുള്ള സംസ്ഥാനത്ത് ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ പൂർണമായും ഔട്ടറിലെ 15 നിയമസഭ മണ്ഡലങ്ങളിലുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ഔട്ടറിലെ ബാക്കി 13 നിയമസഭ മണ്ഡലങ്ങളിലെ വിധിയെഴുത്ത് വരുന്ന വെള്ളിയാഴ്ചയാണ്. സംഘർഷസാധ്യത കണക്കിലെടുത്ത് കൂടുതൽ സേനയെ ബൂത്തുകളയിൽ വിന്യസിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ 83.88 ശതമാനം രേഖപ്പെടുത്തിയ ലക്ഷദ്വീപിലാണ് ഏറ്റവും കൂടുതൽ പോളിങ് 48.88 രേഖപ്പെടുത്തിയ ബിഹാറിലാണ് ഏറ്റവും കുറവ്.