ഭാരതീയ ന്യായ സംഹിത; ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഡൽഹിയിൽ

വഴിയോരക്കച്ചടവക്കാരനെതിരെയാണ് ആദ്യ എഫ്.ഐ.ആര്‍

Update: 2024-07-01 03:54 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തു. കമല മാർക്കറ്റിലെ വഴിയോരക്കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.

ഡൽഹി റെയിൽവെ സ്റ്റേഷനിൽ ഫൂട്ട്പാത്ത് കൈയേറി കച്ചവടം നടത്തിയതിനാണ് കമലാ മാർക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയി ന്യായ സംഹിത സെക്ഷൻ 285 പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം ഉൾപ്പെടെ മൂന്നു നിയമങ്ങൾ പൊളിച്ചെഴുതിയാണ് പുതിയ ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ഐ.പി.സിക്ക് പകരമായി ഭാരതീയ ന്യായ സംഹിതയും സി.ആർ.പി.സി ക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയുമാണ് ഇനി പ്രാബല്യത്തിലുണ്ടാവുക. ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയും നിലവിൽ വന്നു.

കഴിഞ്ഞ വർഷം ആഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ നിയമത്തിന്റെ കരട് പാർലമെന്റിൽ അവതരിപ്പിച്ചത്. പിന്നീട് ഡിസംബർ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25-ന് രാഷ്ട്രപതി അംഗീകാരം നൽകി. നിലവിൽ വന്ന പുതിയ നിയമങ്ങൾ പ്രകാരം ആൾക്കൂട്ട ആക്രമണങ്ങൾ ഗൗരവമേറിയ കുറ്റമാകും. അഞ്ചോ അതിലധികമോ പേർ ഒരു ഗ്രൂപ്പായി ചേർന്ന് ജാതി, സമുദായം, ഭാഷ, ജന്മസ്ഥലം എന്നിവയുടെ പേരിൽ ദേഹോദ്രവം ഏൽപ്പിച്ചാൽ ആ കൂട്ടത്തിലെ ഓരോ അംഗത്തിനും ഏഴു വർഷം വീതം തടവും പിഴയും ലഭിക്കും. അശ്രദ്ധയോടെ വാഹനം ഇടിച്ചു മറ്റൊരാൾ മരിക്കാൻ കാരണക്കാരനാവുകയും അപകട വിവരം പൊലീസിലോ മജിസ്ട്രേറ്റിനെയോ അറിയിക്കാതെ രക്ഷപെടുകയും ചെയ്താൽ 10 വർഷം വരെ തടവും ശിക്ഷയും ലഭിക്കും.

അതേസമയം, ഭരണകൂടത്തിന് എതിരായ പ്രവർത്തനങ്ങൾ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. രാജ്യദ്രോഹ കുറ്റത്തെ ഭാരതീയ നിയമസംഹിതയിൽ 150 ആം വകുപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം പോലെ തീവ്രവാദ കുറ്റവും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ക്രിമിനൽ കുറ്റങ്ങൾക്ക് മുൻകാല പ്രാബല്യം ഇല്ലാതാകുന്നത് വിചാരണ കോടതികൾക്കടക്കം ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിയമനിർമ്മാണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ ബില്ലുകൾക്കെതിരെ എതിർപ്പുമായി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സർക്കാരിനെ സമീപിച്ചിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News