'2035ഓടെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കും': ഹിന്ദുരാഷ്ട്ര ഭരണഘടനയുമായി ഹിന്ദുത്വ സന്യാസിമാർ, കേന്ദ്രസർക്കാറിന് കൈമാറും
ഹിന്ദു രാഷ്ട്രത്തിലെ ഓരോ പൗരനും സൈനിക വിദ്യാഭ്യാസം നിർബന്ധമാക്കുമെന്ന് സമിതി അധ്യക്ഷൻ കാമേശ്വർ ഉപാധ്യായ


ലക്‌നൗ: രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കാനൊരുങ്ങുന്ന തീവ്രഹിന്ദുത്വര്‍, അതിന്റെ ഭാഗമായുള്ള ഭരണഘടന പൂര്‍ണമായും തയ്യാറാക്കി കേന്ദ്രസര്‍ക്കാറിന് കൈമാറാനൊരുങ്ങുന്നു. മഹാകുംഭമേളയില്‍ പുറത്തിറക്കിയതിന് ശേഷം വസന്ത പഞ്ചമി ദിനത്തില്‍ കേന്ദ്രസര്‍ക്കാറിന് കൈമാറുമെന്നാണ് ദി ടെലഗ്രാഫ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാമായണം, കൃഷ്ണന്റെ നിയമ-ഉപദേശങ്ങള്‍, മനുസ്മൃതി, ചാണക്യൻ്റെ അർത്ഥശാസ്ത്രം എന്നിവയില്‍ നിന്നൊക്കെ പ്രചോദനം ഉള്‍ക്കൊണ്ടാണ് 25 അംഗ സമിതി, 501 പേജുള്ള ഭരണഘടന, തയ്യാറാക്കിയിരിക്കുന്നത്.
'ഹിന്ദു രാഷ്ട്ര സംവിധാൻ നിർമ്മൽ' എന്നറിയപ്പെടുന്ന സമിതിയിൽ ബനാറസ് ഹിന്ദു സർവ്വകലാശാല, വാരണാസിയിലെ സമ്പൂർണാനന്ദ് സംസ്‌കൃത സർവ്വകലാശാല, ന്യൂഡൽഹിയിലെ സെൻട്രൽ സംസ്‌കൃത സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള സനാതൻ ധർമ്മ പണ്ഡിതന്മാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
2035ഓടെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സമിതിയുടെ രക്ഷാധികാരി സ്വാമി ആനന്ദ് സ്വരൂപ് മഹാരാജ് വ്യക്തമാക്കി.
'' ഉത്തരേന്ത്യയിൽ നിന്നുള്ള 14 പണ്ഡിതന്മാരും ദക്ഷിണേന്ത്യയിൽ നിന്നുള്ള 11 പണ്ഡിതന്മാരും തയ്യാറാക്കിയ ഭരണഘടനയുടെ കേന്ദ്രബിന്ദു മാനുഷിക മൂല്യങ്ങളാണ്. അത് മറ്റ് മതങ്ങൾക്ക് എതിരല്ലെങ്കിലും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് നിലവിൽ നൽകുന്നതിനേക്കാൾ കഠിനമായ ശിക്ഷയാണ് ഉറപ്പുവരുത്തുന്നത്''- ആനന്ദ് സ്വരൂപ് പറഞ്ഞു.
ലോകത്ത്, ക്രിസ്ത്യൻ, മുസ്‌ലിം, ബുദ്ധമത രാജ്യങ്ങളുണ്ട്. ജൂതന്മാർക്ക് പോലും ഇസ്രായേൽ ഉണ്ട്. എന്നാൽ ലോകമെമ്പാടും 175 കോടിയിലധികം ജനസംഖ്യയുള്ള ഹിന്ദുക്കൾക്ക് ഹിന്ദു രാഷ്ട്രമില്ലെന്നും അദ്ദേഹം പറയുന്നു.
ഹിന്ദു രാഷ്ട്രത്തിലെ ഓരോ പൗരനും സൈനിക വിദ്യാഭ്യാസം നിർബന്ധമാക്കുമെന്ന് സമിതി അധ്യക്ഷൻ കാമേശ്വർ ഉപാധ്യായ പറഞ്ഞു. "മോഷണത്തിന് കഠിനമായ ശിക്ഷയുണ്ടാകും. നികുതി സമ്പ്രദായം മാറും, കാർഷിക മേഖലയ്ക്ക് നികുതിയുണ്ടാവില്ല. ഹിന്ദു ധർമ്മ പാർലമെന്റ് എന്ന ഏകസഭയാകും ഉണ്ടാകുക. നിയമനിർമ്മാണ സഭയായിരിക്കും അത്. വോട്ടുചെയ്യാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 16 വയസാക്കി നിശ്ചയിക്കും. സനാതന ധർമ്മത്തിൽ പെട്ടവരെ മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കൂ. രാജ്യത്തിന്റെ തലവന്‍ രാഷ്ട്രാധ്യക്ഷ് എന്ന പേരില്‍ അറിയപ്പെടും. പാര്‍ലമെന്റിലെ അംഗങ്ങളാകും അദ്ദേഹത്തെ തെരഞ്ഞെടുക്കുക'- ആനന്ദ് സ്വരൂപ് പറഞ്ഞു വ്യക്തമാക്കി.
അതേസമയം ഈ ഭരണഘടന ഇപ്പോൾ പരിഹാസ്യമായി തോന്നുമെന്നും എന്നാല്‍ പൊതു ചർച്ചയിലേക്ക് വിഷയം കൊണ്ടുവരികയും ഒടുവിലത് നടപ്പിലാക്കുമെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തൊരു സന്യാസി ദി ടെലഗ്രാഫിനോട് പറഞ്ഞു.