മോദി വിളികളുമായി ഭരണപക്ഷം; ഭരണഘടന ഉയർത്തിക്കാട്ടി പ്രതിപക്ഷം

ഒരു ദശാബ്ദത്തിന് ശേഷം പാർലമെന്റിൽ ഉയർന്നു കേട്ട് പ്രതിപക്ഷ ശബ്ദം

Update: 2024-06-25 07:23 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യദിവസം പാർലമെന്റിൽ മുഴങ്ങിക്കേട്ട് പ്രതിപക്ഷ ശബ്ദം. ഒരു ദശാബ്ദത്തിന് ശേഷം സഭയുടെ മൂന്നിലൊന്നിൽ കൂടുതൽ സീറ്റുകൾ കൈവശപ്പെടുത്തിയ പ്രതിപക്ഷം അടിക്ക് തിരിച്ചടിയുമായി ആവേശത്തോടെ നിന്നത് വേറിട്ട കാഴ്ചയായി. ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ വീറ്. പതിവു പോലെ മോദി, ജയ് ശ്രീറാം വിളികളുമായി ഭരണപക്ഷവും കളം നിറഞ്ഞു. 

പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്താബിന് മുമ്പാകെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം പ്രതിജ്ഞയെടുത്തത്. പ്രധാനമന്ത്രിയെ വിളിച്ച വേളയിൽ എൻഡിഎ അംഗങ്ങൾ കരഘോഷം മുഴക്കി. ജയ്ശ്രീം വിളികളും ഭാരത് മാതാ കീ ജയ് വിളികളുമുയർന്നു. ഭരണഘടനയുടെ പകർപ്പ് ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷം മോദിയെ വരവേറ്റത്. ഭരണഘടന കൈയിൽപ്പിടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൈകൂപ്പുന്നതു കാണാമായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തപ്പോഴും സമാന രംഗങ്ങൾ അരങ്ങേറി. കേന്ദ്ര വിഭ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ എത്തിയപ്പോൾ നീറ്റ് നാണക്കേടാണ് എന്ന് പ്രതിപക്ഷം വിളിച്ചു പറഞ്ഞു.

ഫെബ്രുവരിയിൽ നടന്ന 17-ാം ലോക്‌സഭയുടെ അവസാന ദിനം ജയ് ശ്രീറാം, അബ് കി ബാർ 400 പാർ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബിജെപി സഭ വിട്ടിരുന്നത്. അതിത്തവണ മോദി, മോദി എന്നതിലേക്ക് മാത്രം ചുരുങ്ങി.

പ്രതിപക്ഷത്തിന്റെ ആദ്യനിരയിൽ രാഹുൽ ഗാന്ധിക്കടുത്ത് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഫൈസാബാദ് (അയോധ്യ) മണ്ഡലത്തിൽനിന്ന് ജയിച്ച അവധേഷ് പ്രസാദ് എന്നിവരാണ് ഉണ്ടായിരുന്നത്. ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം, തെലുങ്ക്, ഡോഗ്രി, ബംഗ്ല, അസമീസ്, ഒഡിയ, ഗുജറാത്തി, മലയാളം ഭാഷകളിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. പ്രതിജ്ഞയ്ക്ക് മുമ്പ് കേരളത്തിൽനിന്നുള്ള എംപിയും കേന്ദ്രമന്ത്രിയുമായി സുരേഷ് ഗോപി, കൃഷ്ണാ ഗുരുവായൂരപ്പാ എന്നു കൂടി വിളിച്ചു.

പരമ്പരാഗത വേഷത്തിലായിരുന്നു മിക്ക എംപിമാരും. അസമിൽനിന്നുള്ള അംഗങ്ങൾ വെള്ളയും ചുവപ്പും നിറമുള്ള ഗംചകൾ ധരിച്ചാണെത്തിയത്. ബംഗാളി ധോത്തി ധരിച്ചാണ് ടിഎംസി എംപി കീർത്തി ആസാദ് വന്നത്. ചുവപ്പും കറുപ്പുമുമുള്ള സാരി ധരിച്ച് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ എത്തിയപ്പോൾ ഓറഞ്ച് സാരിയുടുത്താണ് ഡിഎംകെ അംഗം തമിഴച്ചി സുമതി വന്നത്. ഡിഎംകെ എംപി കനിമൊഴിയുടെ കൈയിൽ കേരളത്തിൽനിന്നുള്ള അംഗം സമ്മാനിച്ച എസ് ഹരീഷിന്റെ നോവൽ മീശയുടെ പരിഭാഷയുമുണ്ടായിരുന്നു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News