ഹരിയാന പാഠമാകണം; മഹാരാഷ്ട്രയിൽ കോൺഗ്രസ് ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ എന്തൊക്കെ?

സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വ്യത്യാസത്തിലാണ് കോൺഗ്രസിന്റെ കൈയിൽ നിന്ന് ഹരിയാന വഴുതിപ്പോയത്

Update: 2024-10-10 17:04 GMT
Advertising

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനം പരിശോധിച്ചാൽ ബിജെപിയോട് കോൺഗ്രസ് പരാജയപ്പെട്ടത് വെറും 0.9 പോയിന്റിന്റെ മാത്രം വ്യത്യാസത്തിലാണ്. ബിജെപി 39.94 ശതമാനം വോട്ട് നേടിയപ്പോൾ കോൺഗ്രസിന് ലഭിച്ചത് 39.09 ശതമാനം വോട്ടാണ്. അതായത് ബിജെപിക്ക് 55.49 ലക്ഷം വോട്ടുകളും കോൺഗ്രസിന് 54.31 ലക്ഷം വോട്ടുകളുമാണ് ലഭിച്ചത്. പക്ഷെ സീറ്റുകൾ തമ്മിലുള്ള വ്യത്യാസം വലുതാണ്. കോൺഗ്രസിനേക്കാൾ 11 സീറ്റുകളാണ് ബിജെപിക്ക് അധികം ലഭിച്ചത്. 90 അംഗ സഭയിൽ 48 സീറ്റുകളുമായി ബിജെപി ഭൂരിപക്ഷം നേടിയപ്പോൾ കോൺഗ്രസ് 37 സീറ്റുകളിൽ ഒതുങ്ങി.

ഫലപ്രഖ്യാപനത്തിനു പിന്നാലെ തെരഞ്ഞെടുപ്പിൽ അട്ടിമറിയാരോപിച്ച് കോൺഗ്രസ് രംഗത്തു വന്നിരുന്നു. വോട്ടിങ് മെഷീനിൽ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഫലം അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് കോൺഗ്രസ് വക്താവ് പവൻ ഖേഡ പറഞ്ഞത്. 0.9 ശതമാനം വോട്ട് വിഹിതം എന്നത് സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വ്യത്യാസമായതിനാൽ ഹരിയാന, കോൺഗ്രസിന്റെ കൈയിൽ നിന്ന് ഹരിയാന പാഠമാകണം, മഹാരാഷ്ട്രയിൽ കോൺഗ്രസ് ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ എന്തൊക്കെ?

സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വ്യത്യാസത്തിലാണ് കോൺഗ്രസിന്റെ കൈയിൽ നിന്ന് ഹരിയാന വഴുതിപ്പോയത്ണ് എന്നതിൽ തർക്കമില്ല. വിജയവും പരാജയും നേരിയ വ്യത്യാസത്തിൽ മാത്രമാണെങ്കിലും ഹരിയാനയിലെ തോൽവി കോൺഗ്രസിന് കുറച്ചു നാളത്തേക്ക് ക്ഷീണം പകരും. മറുവശത്ത്, ബിജെപി ഈ വിജയത്തെ എക്കാലവും നെഞ്ചേറ്റാനും സാധ്യതയുണ്ട്. 10 വർഷത്തെ ഭരണ വിരുദ്ധതയും പ്രകടമായ കർഷക ദുരിതവും അതിജീവിച്ച് ബിജെപി നേടിയ 48 സീറ്റുകൾ അവരുടെ ചരിത്രത്തിലെ റെക്കോർഡ് നേട്ടമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വെല്ലുവിളി ഉയർത്താൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. ഹരിയാനയിലേതുപോലെ മഹാരാഷ്ട്രയിലും മികച്ച പ്രകടമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കാഴ്ചവെച്ചത്. മത്സരിച്ച 17-ൽ 13 സീറ്റുകളും അവർക്ക് നേടാനായി. എന്നാൽ ഹരിയാന ഫലത്തെ മഹാരാഷ്ട്രയിലേക്കുള്ള പാഠമായി വേണം കോൺഗ്രസ് പരിഗണിക്കേണ്ടത്. അവർ ചെയ്യേണ്ടത് ഹരിയാനയിൽ സംഭവിച്ച അബന്ധങ്ങൾ ഉൾക്കൊണ്ട് അവ മഹാരാഷ്ട്രയിൽ തിരുത്താൻ ശ്രമിക്കുക എന്നതാണ്. മാറ്റത്തിന് കോൺഗ്രസിന്റെ മുന്നിലുള്ള വഴികൾ ഇവയാണ്.

നാനാ പട്ടോളെയെ നിയന്ത്രിക്കണം?

മുതിർന്നവർ ഉൾപ്പെടെയുള്ള നേതാക്കളെ മാറ്റിനിർത്തുകയും പരിഗണിക്കാതിരിക്കുകയും ചെയ്യുന്നത് പാർട്ടിക്ക് വിനയാകുമെന്നത് കോൺഗ്രസ് തന്നെ തിരിച്ചറിഞ്ഞതാണ്. ഇവിടെയാണ് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളെയെ നിയന്ത്രിക്കുന്നതാകും കോൺഗ്രസിന് നല്ലതെന്ന് പറയേണ്ടിവരുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിന് നൽകണമെന്ന് പട്ടോളെയും അദ്ദേഹത്തിന്റെ ചില വിശ്വസ്തരും നിരന്തരം മുറവിളി കൂട്ടുന്നത് സഖ്യകക്ഷി നേതാവായ ഉദ്ധവ് താക്കറെയെ നിരാശനാക്കാനും അനിഷ്ഠ സംഭവങ്ങൾ ഉണ്ടാകാനുമുള്ള സാധ്യത വർധിപ്പിക്കുന്നതാണ്. 2019 മുതൽ 2022 വരെ സഖ്യത്തിന് നേതൃത്വം നൽകിയ ശിവസേനയെ അകറ്റി നിർത്താൻ ഇത് കാരണമാകും. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഇത്തരം സാഹചര്യങ്ങളിലെങ്കിലും അല്പം നയതന്ത്രപരമായി പെരുമാറാൻ പട്ടോളിനെപ്പോലുള്ള മുതിർന്ന നേതാവ് ശ്രമിക്കാത്തതെന്താണ്? അധികം വൈകുന്നതിന് മുമ്പ് കോൺഗ്രസ് ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തേണ്ടതുണ്ട്.

സഖ്യകക്ഷികളെ കാണേണ്ട പോലെ തന്നെ കാണണം

ഇൻഡ്യാ മുന്നണിയിലെ സഖ്യകക്ഷികളെ ബഹുമാനിക്കാൻ കോൺഗ്രസ് അല്പം കൂടി ശ്രദ്ധിക്കുന്നതിൽ തെറ്റില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ ഒരുമിച്ച് മത്സരിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യം വേണമെന്ന എഎപിയുടെ അഭ്യർഥന കോൺഗ്രസ് അംഗീകരിച്ചില്ല. ഇതിന്റെ ഫലമായി എഎപി 87 സീറ്റുകളിൽ മത്സരിക്കുകയും 1.80 ശതമാനം വോട്ട് നേടുകയും ചെയ്തു. അതായത് കോൺഗ്രസ് തോൽക്കാൻ കാരണമായതിനേക്കാൾ കൂടുതൽ വോട്ട് എഎപി കരസ്ഥമാക്കിയെന്ന് സാരം.

മഹാരാഷ്ട്രയിൽ എൻസിപി (ശരദ് പവാർ), ശിവസേന (ഉദ്ധവ്) എന്നിവരുമായി കോൺഗ്രസ് സഖ്യത്തിലാണെങ്കിലും, വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ), സമാജ്വാദി പാർട്ടി പോലുള്ള പാർട്ടികളെയും മഹാ വികാസ് അഘാഡിയിലേക്കെത്തിക്കാൻ അവർ ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ചെറിയ പാർട്ടിയിൽ നിന്നുള്ള പിന്തുണ പോലും വലിയ മാറ്റമുണ്ടാക്കും എന്ന് ഹരിയാന നൽകുന്ന പാഠം അവർ ഉൾകൊണ്ടേ മതിയാകൂ.

വിമതരെ പിണക്കിയാൽ തിരിച്ചടി ഉറപ്പ്

ഹരിയാനയിൽ സ്ഥാനാർഥി നിർണയം മുതൽ പ്രശ്‌നങ്ങളായിരുന്നു. തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ മുൻമുഖ്യമന്ത്രി കൂടിയായ ഭൂപീന്ദർ സിങ് ഹൂഡ തന്റെ വിശ്വസ്തർക്ക് സ്ഥാനാർഥിത്വത്തിൽ പ്രാധാന്യം നൽകിയത് പ്രശ്‌നത്തിനിടയാക്കിയിരുന്നു. ഇത് സ്വാഭാവികമായും വിമതരുടെ എണ്ണം വർധിപ്പിക്കുകയും ഇവർ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഏറ്റവും കുറഞ്ഞത് 16 സീറ്റുകളിലെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുന്നതിൽ കോൺഗ്രസ് വിമതർ വലിയ പങ്കുവഹിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. എന്നാൽ ഇവരെ അനുനയിപ്പിച്ച് പാർട്ടിക്കുള്ളിൽ തന്നെ നിലനിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ സാഹചര്യം മറ്റൊന്നാകുമായിരുന്നു. ഹരിയാനയിലെ ഇത്തരം സാഹചര്യങ്ങളിൽ നിന്ന് പാഠം പഠിച്ച് മഹാരാഷ്ട്രയിൽ ഇത്തരത്തിലുള്ള സ്ഥിതിഗതികൾ ഒഴിവാക്കാനും സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഉൾപ്പെടെ പ്രത്യേകം ശ്രദ്ധ ചിലത്താനും കോൺഗ്രസ് ശ്രദ്ധിക്കേണ്ടതുണ്ട്.

ഓരോ വോട്ടും ഓരോ സമുദായവും പ്രധാനമാണ്

ഹരിയാനയിൽ പ്രധാനമായും ജാട്ട്, ദലിത് വോട്ടുകളെ മാത്രം ആശ്രയിച്ചതിനു വ്യത്യസ്തമായി മഹാരാഷ്ട്രയിൽ എല്ലാ ജാതി ഗ്രൂപ്പുകളെയും സമുദായങ്ങളെയും പരിഗണിക്കാൻ പ്രത്യേകം ശ്രദ്ധ വേണം. മറാഠാ, ബ്രാഹ്മണൻ, മുസ്ലീം, ദലിത് എന്നീ പ്രബല ഗ്രൂപ്പുകളുടെ ഗണ്യമായ പിന്തുണയ്ക്കൊപ്പം ചെറിയ സമുദായങ്ങളുടെ പിന്തുണയും അവിടെ നിർണായമാകും.

സ്ഥാനാർഥികൾക്ക് മതിയായ സമയം നൽകണം

ഹരിയാനയിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചത് അവർക്ക് പ്രചാരണത്തിനുള്ള സമയം കുറയുന്നതിന് കാരണമായി. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി എത്രയും വേഗം സീറ്റ് വിഭജനം പൂർത്തിയാക്കുകയും നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്യണം.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News