പിഴയടക്കാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കി; ഇഡിക്കെതിരെ കോടതിയെ സമീപിച്ച് ഫ്ലിപ്കാര്‍ട്ട്
നോട്ടീസ് ലഭിച്ച വാര്‍ത്ത പുറത്തായ ഉടനെ പ്രതികരണങ്ങള്‍ക്കൊന്നും സച്ചിന്‍ ബന്‍സാല്‍ തയാറായില്ലെങ്കിലും ഇന്ത്യൻ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി മുന്നോട്ട് പോകുമെന്ന് ബന്‍സാല്‍ പ്രതികരിച്ചു
എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനെതിരെ ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ടിന്‍റെ സഹസ്ഥാപകനായ സച്ചിൻ ബന്‍സാല്‍ കോടതിയില്‍. വിദേശ നിക്ഷേപ നിയമങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇഡി നോട്ടീസ് അയച്ചതിനെ ചോദ്യം ചെയ്താണ് സച്ചിന്‍ കോടതിയെ സമീപിച്ചത്.
2009 - 2015 കാലയളവില്‍ വിദേശ നിക്ഷേപ നിയമം ലംഘിച്ചതിന് 1.35 ബില്യണ്‍ ഡോളര്‍ പിഴയടക്കാതിരിക്കാന്‍ കാരണമെന്താണെന്ന് ആരാഞ്ഞുകൊണ്ടാണ് ഫ്ലിപ്കാര്‍ട്ടിനും അതിന്‍റെ ചില നിക്ഷേപകര്‍ക്കുമെതിരെ ഇഡി ഷോക്കോസ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഏജൻസിയുടെ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യവുമായി സച്ചിൻ ബൻസാൽ തമിഴ്നാട്ടിലെ ഒരു കോടതിയെ സമീപിച്ചതായി കോടതി രേഖകളും മാധ്യമ റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നു. ജഡ്ജി ആര്‍ മഹാദേവന്‍ ഹരജി കേള്‍ക്കുകയും ഇഡിയോട് വിശദീകരണം ചോദിക്കുകയും ചെയ്തു.
നോട്ടീസ് ലഭിച്ച വാര്‍ത്ത പുറത്തായ ഉടനെ പ്രതികരണങ്ങള്‍ക്കൊന്നും സച്ചിന്‍ ബന്‍സാല്‍ തയാറായില്ലെങ്കിലും ഇന്ത്യൻ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി മുന്നോട്ട് പോകുമെന്ന് ബന്‍സാല്‍ പ്രതികരിച്ചു. മൾട്ടി-ബ്രാൻഡ് റീട്ടെയിൽ കർശനമായി നിയന്ത്രിക്കാന്‍ ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇ കൊമേഴ്സ് ഭീമന്മാര്‍ വിദേശ നിക്ഷേമ നിമയം ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചുവരുന്നതായി ഇഡി അറിയിച്ചിരുന്നു. 2018ല്‍ ഫ്ലിപ്കാര്‍ട്ടിന്‍റെ ഒരു വലിയ പങ്ക് വാള്‍മാര്‍ട്ടിന് വില്‍ക്കുകയും കോ ഫൌണ്ടറായ ബിന്നി ബന്‍സാല്‍ കമ്പനി വിടുകയും ചെയ്തിരുന്നു.