'രാമക്ഷേത്രത്തിലേക്കില്ല, ഞാൻ കാളി ക്ഷേത്രത്തിലേക്ക്'; 22ന് സർവമത റാലിയുമായി മമത ബാനർജി

'അയോധ്യയിൽ പോയി നമ്മൾ എന്ത് ചെയ്യാനാണ്? രാഷ്ട്രീയക്കാർ എന്ന നിലയിൽ ഞങ്ങളുടെ ജോലി അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുക എന്നതാണ്. ഞാൻ അത് ചെയ്യും'- മമത വ്യക്തമാക്കി.

Update: 2024-01-16 13:29 GMT
Advertising

കൊൽക്കത്ത: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ കൊൽക്കത്തയിൽ സാമുദായിക സൗഹാർദ റാലിയുമായി പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. രാമക്ഷേത്രത്തിലേക്ക് പോകില്ലെന്ന് വ്യക്തമാക്കിയ മമത, അവിടെ പോയിട്ട് എന്ത് ചെയ്യാനാണെന്നും ചോദിച്ചു.

അന്നേ ദിവസം കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷമായിരിക്കും മമത സർബ ധർമ (സർവ മത) റാലി നടത്തുക. റാലിയിൽ മതനേതാക്കളും സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള ആളുകളും പങ്കെടുക്കും. ഹസ്രയിൽ നിന്നാരംഭിക്കുന്ന റാലി കൊൽക്കത്തയിലെ പാർക്ക് സർക്കസ് മൈതാനിയിൽ റാലി സമാപിക്കും.

'നിങ്ങളിൽ പലരും എന്നോട് രാമക്ഷേത്രത്തെ കുറിച്ച് ചോദിക്കുന്നുണ്ട്. എനിക്കൊന്നും പറയാനില്ല. അന്നേ ദിവസം ഞാൻ ആദ്യം കാളി മന്ദിർ സന്ദർശിക്കും. ഞാൻ മാത്രമേ അവിടെ പോകൂ'- മമത വ്യക്തമാക്കി.

'ജനുവരി 22ന് ഞാൻ ഒരു റാലി നടത്തും. തുടർന്ന് ഞങ്ങൾ ഹസ്രയിൽ നിന്ന് പാർക്ക് സർക്കസ് മൈതാനത്തേക്ക് സർവമത റാലി നടത്തി അവിടെ സമ്മേളനം നടത്തും. വഴിമധ്യേ മസ്ജിദുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ, ഗുരുദ്വാരകൾ എന്നിവയൊക്കെ സന്ദർശിക്കും. റാലിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. എല്ലാ മതങ്ങളിലുമുള്ള ആളുകൾ അവിടെ ഉണ്ടാകും'- മമത പറഞ്ഞു.

'അന്നേ ദിവസം, പാർട്ടി അംഗങ്ങൾ എല്ലാ ബ്ലോക്കുകളിലും എല്ലാ ജില്ലകളിലും വൈകീട്ട് മൂന്നിന് റാലി നടത്തും. എല്ലാ മതങ്ങളും തുല്യരാണ് എന്ന പ്രമേയമുള്ള സംപ്രീതി റാലിയായിരിക്കും അത്. രാമന്റെ പ്രാണപ്രതിഷ്ഠ ഞങ്ങളുടെ ജോലിയല്ല. അത് സന്യാസികളുടെ ജോലിയാണ്. അയോധ്യയിൽ പോയി നമ്മൾ എന്ത് ചെയ്യാനാണ്? രാഷ്ട്രീയക്കാർ എന്ന നിലയിൽ ഞങ്ങളുടെ ജോലി അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുക എന്നതാണ്. ഞാൻ അത് ചെയ്യും'- മമത കൂട്ടിച്ചേർത്തു.

ഉദ്ഘാടന വേളയിൽ അയോധ്യ സന്ദർശിക്കുന്നതിൽ നിന്ന് തങ്ങളുടെ നേതൃത്വവും വിട്ടുനിൽക്കുമെന്ന് നേരത്തെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സിപിഐഎം നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News