പി.എച്ച്.ഡി ബിരുദധാരി, അധ്യാപിക; മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവിന്‍റെ ഭാര്യാസഹോദരി കഴിയുന്നത് തെരുവില്‍

ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ മീരയുടെ സഹോദരിയായ ബസു കഴിഞ്ഞ രണ്ടു വര്‍ഷമായി ഫുട്പാത്തിലാണ് കഴിയുന്നത്

Update: 2021-09-11 05:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യാ സഹോദരി കഴിയുന്നത് തെരുവില്‍. പശ്ചിമബംഗാള്‍ നോർത്ത് 24 പരാഗണസ് ജില്ലയിലെ ബരാബസ് പ്രദേശത്തുള്ള തെരുവിലാണ് ഇറ ബസുവിന്‍റെ ജീവിതം. ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ മീരയുടെ സഹോദരിയായ ബസു കഴിഞ്ഞ രണ്ടു വര്‍ഷമായി ഫുട്പാത്തിലാണ് കഴിയുന്നത്.

വഴിയോര കച്ചവടക്കാരില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ച് കടത്തിണ്ണകളില്‍ അന്തിയുറങ്ങി ജീവിതം തള്ളി നീക്കുകയായിരുന്നു ഇറ ബസു. മൂന്ന് പതിറ്റാണ്ടിലേറെ കാലം സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്ത ഇവര്‍ വൈറോളജിയില്‍ പി.എച്ച്.ഡി ബിരുദധാരി കൂടിയാണ്. ബംഗാളിയും ഇംഗ്ലീഷും നന്നായി സംസാരിക്കാനറിയാവുന്ന ബസു സംസ്ഥാന അത്‍ലറ്റ് കൂടിയായിരുന്നു. ടേബിള്‍ ടെന്നീസിലും ക്രിക്കറ്റിലും മികവ് തെളിയിച്ചിട്ടുണ്ട്.

പ്രിയനാഥ് ഗേൾസ് ഹൈസ്‌കൂളിലെ ലൈഫ് സയൻസസ് അധ്യാപികയായിരുന്നു ഇറാ ബസു. 1976ലാണ് ഇറ ഇവിടെ ജോലിയില്‍ പ്രവേശിക്കുന്നത്. 2008 ജൂണ്‍ 28ന് ജോലിയില്‍ നിന്നും വിരമിക്കുകയും ചെയ്തു. ആ സമയത്തും ബുദ്ധദേവ് ആയിരുന്നു ബംഗാള്‍ മുഖ്യമന്ത്രി. അക്കാലത്ത് ബസു ബാരനഗറിലായിരുന്നു വിഭാഗം. പിന്നീട് പടിഞ്ഞാറൻ ബെംഗയിലെ ഖർദയിലെ ലിച്ചു ബഗാൻ പ്രദേശത്തേക്ക് മാറി. പിന്നീട് ഈ വിലാസത്തില്‍ നിന്നും അവര്‍ അപ്രത്യക്ഷയായി എന്നാണ് പറയുന്നത്. തുടര്‍ന്ന് ബസുവിനെ കണ്ടത് കൊല്‍ക്കൊത്തയിലെ തെരുവുകളിലാണ്.

''ഇറ ബസു ഇവിടെ പഠിപ്പിച്ചിരുന്നു. സര്‍വീസില്‍ നിന്നും വിരമിച്ചശേഷം പെന്‍ഷന്‍ ലഭിക്കാനായി അവരോട് രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പേപ്പറുകളൊന്നും സമര്‍പ്പിച്ചില്ലെന്നും അതുകൊണ്ട് പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും'' പ്രിയനാഥ് സ്കൂളിലെ പ്രധാനധ്യാപിക കൃഷ്ണകാളി ചന്ദ പറഞ്ഞു. അധ്യാപക ദിനത്തില്‍ ആര്‍ട്ട്യജോണ്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ബസുവിനെ ആദരിച്ചിരുന്നു. ഹാരവും മധുരപലഹാരങ്ങളും നല്‍കിയാണ് അവരെ സ്വീകരിച്ചത്. ''എല്ലാ അധ്യാപകരും ഇപ്പോഴും എന്നെ സ്നേഹിക്കുന്നു, പല വിദ്യാർഥികള്‍ക്കും എന്നെ ഓര്‍മയുണ്ട്. ചിലര്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു'' ചടങ്ങില്‍ വച്ചു ബസു പറഞ്ഞതായി കൃഷ്ണകാളി ഓര്‍ത്തെടുത്തു. മറ്റു സ്കൂളുകളില്‍ നിന്നും അവസരം ലഭിച്ചെങ്കിലും 34 വര്‍ഷമാണ് ബസു പ്രിയനാഥ് സ്കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചത്.

''ഒരു സ്കൂള്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ അവരില്‍ നിന്നും ഞാന്‍ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്‍റെ സ്വന്തം കഴിവില്‍ ഞാന്‍ വിശ്വസിച്ചു. ഞങ്ങളുടെ കുടുംബ ബന്ധത്തെക്കുറിച്ച് പലരും അറിഞ്ഞിട്ടുണ്ടെങ്കിലും ഞാനൊരു വി.ഐ.പി പരിഗണനയും ആഗ്രഹിച്ചിട്ടില്ല'' ബുദ്ധദേവ് ഭട്ടാചാര്യയുടെ കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് ബസു പറഞ്ഞു.

ബസു തെരുവില്‍ കഴിയുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഖർദ മുനിസിപ്പാലിറ്റി അധികൃതര്‍ അവരെ അവിടെ നിന്നും ആശുപത്രിയിലേക്കും മെഡിക്കല്‍ പരിശോധനക്കും വിധേയമാക്കി. ജോലി വിട്ടിട്ട് വര്‍ഷങ്ങളായിട്ടും ഇപ്പോഴും അധ്യാപനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള അധ്യാപികയാണ് ബസു. തനിക്ക് ഓൺലൈൻ ക്ലാസുകളെ പിന്തുണയ്ക്കാൻ കഴിയില്ലെന്നും വിദ്യാർഥികള്‍ക്ക് പ്രായോഗികമായി ഒന്നും പഠിക്കാൻ കഴിയുന്നില്ലെന്നും ബസു പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News