ബി.ജെ.പി മുൻ എം.എൽ.എയെ അജ്ഞാതർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; പൊലീസ് കേസ്
ഞായറാഴ്ച രാത്രി അജ്മീറിലെ നരേലി പുളിയക്ക് സമീപമാണ് സംഭവം
ജയ്പൂർ: രാജസ്ഥാനിലെ ബിജെപി മുൻ എം.എൽ.എ അമൃത മേഘ്വാളിനെ അജ്ഞാതർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. അജ്മീറിൽ നിന്ന് രാജസ്ഥാനിലെ ജലോറിലേക്ക് കാറിൽ പോകുകയായിരുന്ന എം.എൽ.എയെ തടഞ്ഞുനിർത്തിയാണ് അഞ്ചു പേരടങ്ങുന്ന സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.
ഞായറാഴ്ച രാത്രി അജ്മീറിലെ നരേലി പുളിയക്ക് സമീപമാണ് സംഭവം. പ്രതികൾ മുൻ എം.എൽ.എയുടെ എസ്.യു.വി തടഞ്ഞുനിർത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി അജ്മീർ അഡീഷണൽ പൊലീസ് സൂപ്രണ്ട് വികാസ് സാങ്വാൻ പറഞ്ഞു.
പരാതി ലഭിച്ചതിനെ തുടർന്ന് അൽവാർ ഗേറ്റ് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അക്രമികൾ കാറിന്റെ ചില്ല് തകർത്തതായി അൽവാർ ഗേറ്റ് എസ്എച്ച്ഒ മുഹമ്മദ് ജാബിർ പറഞ്ഞു. പ്രതികളെ തിരിച്ചറിയാനും പിടികൂടാനുമുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജലോറിൽ നിന്നുള്ള എംഎൽഎയായിരുന്നു മേഘ്വാൾ.