ഇംഗ്ലീഷ് വിഷയത്തില്‍ തോല്‍വി; പത്താം ക്ലാസ് പരീക്ഷ വീണ്ടും എഴുതി ഹരിയാന മുന്‍ മുഖ്യമന്ത്രി

ബുധനാഴ്ച സിർസയിലെ ആര്യ കന്യ സീനിയർ സെക്കൻഡറി സ്കൂളില്‍ വച്ചാണ് പരീക്ഷ എഴുതിയത്

Update: 2021-08-19 04:38 GMT
Editor : Jaisy Thomas | By : Web Desk
Advertising

പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതി ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല. ബുധനാഴ്ച സിർസയിലെ ആര്യ കന്യ സീനിയർ സെക്കൻഡറി സ്കൂളില്‍ വച്ചാണ് പരീക്ഷ എഴുതിയത്.

ഹരിയാന ഓപ്പണ്‍ ബോര്‍ഡിന്‍റെ പന്ത്രണ്ടാം ക്ലാസ് ഈ വര്‍ഷം ചൗട്ടാല എഴുതിയിരുന്നു. എന്നാല്‍ പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയില്‍ തോറ്റതിനാല്‍ ഫലം തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ചൗട്ടാല പരീക്ഷയെഴുതാനെത്തിയത്. ഇതിന്‍റെ ഫലം വരുന്ന മുറക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലവും പ്രഖ്യാപിക്കും.

താനൊരു വിദ്യാര്‍ഥിയാണെന്നും ഒന്നും പറയാനില്ലെന്നും തന്നെ വളഞ്ഞ മാധ്യമപ്രവര്‍ത്തകരോട് 86 കാരനായ ചൗട്ടാല പറഞ്ഞു. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കിയില്ല. പരീക്ഷ എഴുതാന്‍ സഹായിയെ ആവശ്യപ്പെട്ടിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് അതിന് അനുവാദം നല്‍കിയിരുന്നില്ല. രണ്ട് മണിക്കൂറെടുത്താണ് അദ്ദേഹം പരീക്ഷ എഴുതിയത്.

2017 ലാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓപ്പൺ സ്കൂളിന് കീഴിൽ  ചൗട്ടാല പത്താം ക്ലാസ് പരീക്ഷ എഴുതിയത്. പത്താം ക്ലാസ് പരീക്ഷ എഴുതിയത്. അന്ന് 82 കാരനായ ചൗട്ടാല 53.4 ശതമാനം വിജയം നേടിയിരുന്നു. ഉറുദു, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, ഇന്ത്യന്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജ് എന്നിവയായിരുന്നു വിഷയങ്ങള്‍. ജെബിടി റിക്രൂട്ട്മെന്‍റ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന സമയത്താണ് ചൗട്ടാല പത്താം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുത്തത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News