യോഗി ആദിത്യനാഥിനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഐ.പി.എസ് ഓഫീസര്‍ വീട്ടുതടങ്കലില്‍
സന്ദർശനം റദ്ദാക്കുന്നതിനുപകരം തനിക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോഴും പോലീസ് പോകാൻ അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച മുൻ ഉത്തർപ്രദേശ് കേഡർ ഐ.പി.എസ് ഓഫീസർ അമിതാഭ് ഠാക്കൂറിനെ വീട്ടുതടങ്കലിലാക്കി. ഇന്ന് മണ്ഡലമായ ഗൊരഖ്പൂർ സന്ദർശിക്കാനിരിക്കെയാണ് വീട്ടുതടങ്കല്‍. ഒരു വീഡിയോ സന്ദേശത്തിൽ, താൻ പോകാൻ തയ്യാറെടുക്കുമ്പോൾ ഗോമതി നഗർ പോലീസ് എത്തിയെന്നും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിശ്ചയിച്ച സന്ദർശനവുമായി മുന്നോട്ട് പോകാനാകില്ലെന്നും പറഞ്ഞു. സന്ദർശനം റദ്ദാക്കുന്നതിനുപകരം തനിക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോഴും പോലീസ് പോകാൻ അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതിക്ക് മുൻപിൽ യുവാവും യുവതിയും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അമിതാഭ് ഠാക്കൂറിനെതിരെ ജനരോഷം ഉണ്ടാകുമെന്നും സുരക്ഷയെ കരുതിയാണ് യാത്രാനുമതി നിഷേധിച്ചതെന്നുമാണ് പോലീസ് പറയുന്ന വിചിത്രമായ ന്യായം.
Former IPS Amitabh Thakur on his house arrest ahead of his Gorakhpur visit. Says a strange reason was given to him by police which cited the immolation of couple outside SC lead to anguish in a section of society against him. pic.twitter.com/LJ0eaCRf3B
— Piyush Rai (@Benarasiyaa) August 21, 2021
ബലാത്സംഗ കേസിൽ നീതി നിഷേധിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു യുവാവും യുവതിയും സുപ്രീം കോടതിയ്ക്ക് മുൻപിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബിഎസ്പി എംപി അതുൽ റായി ബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു യുവതിയുടെ ആരോപണം.2019ൽ അതുൽ റായി ബലാത്സംഗത്തിനിരയാക്കിയെന്നും, കേസിൽ ഉത്തർപ്രദേശ് പൊലീസും ജുഡീഷ്യറിയും ഒത്തുകളിച്ച് നീതി നിഷേധിക്കുകയും തങ്ങൾക്കെതിരെ കള്ള കേസെടുക്കുന്നു എന്നും ആരോപിച്ചാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയായിരുന്നു യുവാവിന്റെ മരണം.ജീവന് ഭീഷണി ഉള്ളതിനാൽ കേസ് അലഹബാദിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതി മാർച്ചിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
മാർച്ചിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെത്തുടർന്ന് നിർബന്ധിത വിരമിക്കൽ നൽകിയ ഉദ്യോഗസ്ഥനാണ് ഠാക്കൂർ.