വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന ട്വീറ്റ്: മുന്‍ വാര്‍ത്താ അവതാരകയും ബി.ജെ.പി നേതാവുമായ സൗധമണി അറസ്റ്റില്‍
സെക്ഷന്‍ 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക), 153(1)(ബി) (ആളുകള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നതിനോ പൊതു സമാധാനം തകര്‍ക്കുന്നതിനോ വേണ്ടി കിംവദന്തികള്‍ പ്രചരിപ്പിക്കല്‍), 505(2) (വിദ്വേഷം, വിദ്വേഷം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനകള്‍ പ്രചരിപ്പിക്കല്‍) വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.
ചെന്നൈ: വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന ടീറ്റ് റീട്വീറ്റ് ചെയ്ത സംഭവത്തില്‍ തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുന്‍ വാര്‍ത്താ അവതാരകയുമായ സൗധമണിയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസിന്റെ സൈബര്‍ ക്രൈം വിംഗ് ആണ് സൗധമണിയെ ചെന്നൈയിലെ ചൂളൈമേട്ടിലുള്ള വസതിയില്‍ വച്ച് അറസ്റ്റ് ചെയ്തത്.
മാസങ്ങള്‍ക്ക് മുമ്പാണ് വര്‍ഗീയ വിദ്വേഷം പരത്തുന്ന വീഡിയോ ഇവര്‍ റീ ട്വീറ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ അനധികൃത കയ്യേറ്റങ്ങള്‍ നിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകള്‍ പരാമര്‍ശിച്ച് കൊണ്ട് സംസ്ഥാനത്ത് ഹിന്ദു ക്ഷേത്രങ്ങള്‍ മാത്രമാണ് നീക്കം ചെയ്യുന്നതെന്നും മറ്റ് മത സ്ഥാപനങ്ങള്‍ പൊളിക്കുന്നില്ലെന്നും ആരോപിക്കുന്ന വീഡിയോ ആയിരുന്നു ഇവര്‍ പങ്കുവെച്ചത്.
'ധൈര്യയമാ ?, വിഡിയലുക്കാ ?' (ഇത് ധൈര്യമാണോ സൂര്യോദയത്തിനാണോ (ഡി.എം.കെയുടെ കൊടിയുമായി ബന്ധപ്പെട്ട വാക്ക്) എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് സൗധമണി റീ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതിഷേധം ഉയര്‍ന്നതോടെ പോലീസ് സൗധ മണിക്കെതിരെ കേസ് എടുത്തിരുന്നു. സെക്ഷന്‍ 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക), 153(1)(ബി) (ആളുകള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നതിനോ പൊതു സമാധാനം തകര്‍ക്കുന്നതിനോ വേണ്ടി കിംവദന്തികള്‍ പ്രചരിപ്പിക്കല്‍), 505(2) (വിദ്വേഷം, വിദ്വേഷം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനകള്‍ പ്രചരിപ്പിക്കല്‍) വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.
തുടര്‍ന്ന് ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. സൗധമണിയുടെ ട്വീറ്റിലെ ഉള്ളടക്കം സര്‍ക്കാരിനും ജുഡീഷ്യറിക്കും എതിരാണെന്ന് ഫെബ്രുവരിയില്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍, മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സൗധമണിയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞത്.