യു.പിയിൽ ജനവിധി തേടുന്നത് നാല് അഖിലേഷ് യാദവുമാർ; കോൺഗ്രസിനുമുണ്ട് സ്വന്തമായൊരു അഖിലേഷ്
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കർഹാലിൽ നിന്നാണ് മത്സരിക്കുന്നത്. സമാജ്‌വാദി പാർട്ടിയുടെ തന്നെ മുബാറക്പൂരിൽനിന്നുള്ള സ്ഥാനാർഥിയുടെ പേരും അഖിലേഷ് യാദവ് എന്നാണ്.
രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ ജനവിധി തേടുന്നത് നാല് അഖിലേഷ് യാദവുമാർ. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കർഹാലിൽ നിന്നാണ് മത്സരിക്കുന്നത്. സമാജ്‌വാദി പാർട്ടിയുടെ തന്നെ മുബാറക്പൂരിൽനിന്നുള്ള സ്ഥാനാർഥിയുടെ പേരും അഖിലേഷ് യാദവ് എന്നാണ്.
സമാജ്‌വാദി പാർട്ടിക്ക് പുറമെ കോൺഗ്രസിനുമുണ്ട് സ്വന്തമായൊരു അഖിലേഷ് യാദവ്. കോൺഗ്രസിന്റെ അഖിലേഷ് ജനവിധി തേടുന്നത് ബിക്കാപുരിൽനിന്നാണ്. നാലാമത്തെ അഖിലേഷ് യാദവ് സ്വതന്ത്രനാണ്. ഗുന്നോറിൽനിന്നാണ് ഇദ്ദേഹം മത്സരിക്കുന്നത്.
മണ്ഡലത്തിൽനിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്ന് മുബാറക്പൂരിൽനിന്ന് മത്സരിക്കുന്ന എസ്.പി സ്ഥാനാർഥി അഖിലേഷ് പറഞ്ഞു. ആളുകൾക്ക് എന്നോട് സഹതാപമുണ്ട്. 2017-ൽ വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് ഞാൻ പരാജയപ്പെട്ടത്. എന്നാൽ ഇക്കുറി ജനങ്ങൾ ആഗ്രഹിക്കുന്നത് അഖിലേഷ് യാദവ് വിജയിക്കണമെന്നാണ്. അഖിലേഷ് യാദവാകും മുഖ്യമന്ത്രി. മുബാറക്പൂരിന്റെ എം.എൽ.എയും അഖിലേഷ് യാദവായിരിക്കുമെന്നാണ് ജനങ്ങൾ പറയുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.
ബിക്കാപൂരിൽ നിന്ന് മത്സരിക്കുന്ന കോൺഗ്രസിന്റെ അഖിലേഷ് പാർട്ടിയുടെ അയോധ്യ ജില്ലാ പ്രസിഡന്റ് കൂടിയാണ്. എസ്.പി വിട്ട് 2016-ലാണ് ഇദ്ദേഹം കോൺഗ്രസിലെത്തിയത്. ഗുന്നോറിൽനിന്ന് മത്സരിക്കുന്ന സ്വതന്ത്രൻ അഖിലേഷ് യാദവിന്റെ യഥാർഥ പേര് ലഖ്‌വേന്ദ്ര സിങ് എന്നാണ്. എന്നാൽ അദ്ദേഹത്തിന്റെ മുത്തശ്ശി വിളിച്ചിരുന്നത് അഖിലേഷ് എന്നായിരുന്നു. പിന്നാലെ മറ്റുള്ളവരും ഈ പേര് തന്നെ വിളിച്ചുതുടങ്ങി. അഖിലേഷ് എന്ന പേരിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.