പശുവിനെ അറുത്ത് മുസ്‌ലിം യുവാവിനെ കുടുക്കാൻ ശ്രമം: യുപിയിൽ ബജ്‌റംഗ്ദൾ നേതാവടക്കം നാലുപേർ അറസ്റ്റിൽ

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കാത്ത പൊലീസുകാർക്ക് ബജ്‌റംഗ്ദൾ നേതാവ് കെണിയൊരുക്കുകയായിരുന്നുവെന്ന് എസ്എസ്പി

Update: 2024-02-01 11:29 GMT
Advertising

ലഖ്‌നൗ: പശുവിനെ അറുത്ത് മുസ്‌ലിം യുവാവിനെ കുടുക്കാൻ ശ്രമിച്ച ബജ്‌റംഗ്ദൾ നേതാവടക്കം നാലുപേർ ഉത്തർപ്രദേശിൽ അറസ്റ്റിൽ. ബജ്‌റംഗ്ദളിന്റെ മൊറാദബാദ് ജില്ലാ പ്രസിഡൻറടക്കമുള്ളവരാണ് ബുധനാഴ്ച അറസ്റ്റിലായത്. മുസ്‌ലിം യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിനും പൊലീസിനെതിരെ ഗൂഢാലോചന നടത്തിയതിനുമാണ് കേസെടുത്തത്. മൊറാദാബാദ് ജില്ലയിലെ ചേത്രാംപൂർ ഗ്രാമത്തിൽ നിന്നുള്ള ഷഹാബുദ്ദീൻ, ബജ്‌റംഗ്ദൾ നേതാവ് സുമിതെന്ന മോനു ബിഷ്‌ണോയി, ഇയാളുടെ അനുയായികളായ രാമൻ ചൗധരി, രാജീവ് ചൗധരി എന്നിവരാണ് പിടിയിലായത്.

മക്‌സൂദെന്ന പ്രദേശവാസിയെ കുടുക്കാനാണ് ഇവർ ശ്രമിച്ചത്. പശുവിനെ അറുത്തത് മക്‌സൂദാണെന്ന് വരുത്തിത്തീർത്ത്, അദ്ദേഹത്തെ ജയിലിലാക്കാൻ ഷഹാബുദ്ദീനും ബജ്‌റംഗ്ദൾ സംഘവും ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

ഹരിദ്വാർ പോലെയുള്ള മതകേന്ദ്രങ്ങളിലേക്ക് ഹിന്ദു തീർത്ഥാടകർ പോകുന്ന കൻവർ പാതിലെ റോഡിൽ ജനുവരി 16ന് പശുവിന്റെ തല കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് അജ്ഞാതരെ പ്രതിയാക്കി കേസെടുത്തെന്നും പിന്നീട് ജനുവരി 28ന് ചേത്രംപൂരിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയായി മറ്റൊരു പശു അറുക്കപ്പെട്ടെന്നും പൊലീസ് പറഞ്ഞു. രണ്ട് സംഭവങ്ങളും തമ്മിൽ സമാനത തോന്നിയതിനെ തുടർന്ന് അന്വേഷണം നടത്തി. പിന്നീട് സംഭവം ഗൂഢാലോചനയാണെന്ന് കണ്ടെത്തിയെന്നും മൊറാദാബാദ് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ഹേംരാജ് മീണ പറഞ്ഞു. രണ്ടാമത്തെ സ്ഥലത്ത് മക്‌സൂദിന്റെ വസ്ത്രവും ഫോട്ടോയുള്ള വാലറ്റും കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ശേഷം മക്‌സൂദിനെ ചോദ്യം ചെയ്തപ്പോൾ ഷഹാബുദ്ദീൻ, ജംഷാദ് എന്നിവർക്ക് തന്നോട് ശത്രുതയുള്ളതായി അദ്ദേഹം പറഞ്ഞുവെന്ന് മീണ വ്യക്തമാക്കി. ബിഷ്‌ണോയിയുടെയും സംഘത്തിന്റെയും സഹായവും പുറത്തുവന്നു.

വധശ്രമക്കേസിൽ (ഐപിസി സെക്ഷൻ 307) ഈയിടെ അറസ്റ്റിലായ മോനു ബിഷ്‌ണോയി ജയിലിലായിരുന്നുവെന്നും ജയിലിൽനിന്ന് പുറത്തിറങ്ങിയ ബിഷ്‌ണോയി തന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കാൻ ഛജ്‌ലൈത്ത് പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരോട് ആവശ്യപ്പെട്ടുവെന്നും മീണ അറിയിച്ചു. എന്നാൽ അവർ കൂടെ നിൽക്കാത്തതിനെ തുടർന്ന് കെണിയൊരുക്കാൻ തീരുമാനിച്ചുവെന്നും എസ്എസ്പി പറഞ്ഞു.

'ജനുവരി 14നായിരുന്നു അവർ ആദ്യം പദ്ധതി നടത്താൻ ശ്രമിച്ചത്. ഷഹാബുദ്ദീന്റെ സഹായി നഈമിന് 2000 രൂപ കൊടുത്ത് ഒരു പശുവിന്റെ തല കൊണ്ടുവന്ന് ഛജ്‌ലൈത്ത് പൊലീസ് സ്‌റ്റേഷൻ പരിധിയിലിട്ടു. ഇത് പൊലീസിന് തലവേദനയായി. ശേഷം രണ്ടാമത്തെ ശ്രമത്തിന് മുമ്പായി തങ്ങൾക്ക് ശത്രുതയുള്ളയാളുടെ പേര് പറയാൻ ഷഹാബുദ്ദീനോടും ജംഷാദിനോടും പറഞ്ഞു. തുടർന്ന് ആ വ്യക്തിയുടെ ഫോട്ടോ സംഭവസ്ഥലത്ത് വെച്ച് തെളിവ് സൃഷ്ടിക്കാൻ ശ്രമിച്ചു. ഇതേ പ്രതികൾ ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ച പശുവിനെ അറുത്താണ് രണ്ടാമത്തെ സംഭവം സൃഷ്ടിച്ചത്. ശേഷം പൊലീസിനെ വിവരം അറിയിച്ചു' എസ്എസ്പി മീണ പറഞ്ഞു. സംഭവത്തിലെ രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

മൊബൈൽ ലൊക്കേഷനടക്കമുള്ളവ പരിശോധിച്ചാണ് പൊലീസ് ഗൂഢാലോചന തെളിയിച്ചതെന്നും പ്രതികൾ സ്ഥിരം കുറ്റവാളികളാണെന്നും മീണ പറഞ്ഞു. സംഭവത്തിൽ ഐപിസി സെക്ഷൻ 120ബി, 211, 380, 457L, 411 എന്നിവ പ്രകാരവും ഗോഹത്യാ നിയമത്തിന്റെ സെക്ഷൻ 3,5,8 എന്നിവ പ്രകാരവും മൊറാദാബാദ് പൊലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News