പതിനാലുകാരിയായ ബന്ധുവിനെ ആവർത്തിച്ച് ബലാത്സംഗം ചെയ്തു: പിതാവും മകനും അറസ്റ്റിൽ
പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ്
താന : പതിനാലുകാരിയായ ബന്ധുവിനെ ആവർത്തിച്ചു ബലാത്സംഗം ചെയ്തുവെന്ന കേസിൽ പിതാവിനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിൽ നിന്ന് തന്റെ ഗർഭിണിയായ മരുമകളെ പരിചരിക്കുന്നതിനായാണ് ബന്ധുവായ പതിനാലുകാരിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു ഗ്രാമത്തിൽനിന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തത്. പിതാവിന് 52 വയസ്സും മകന് 22 വയസ്സുമുണ്ടെന്ന് ഭിവണ്ടി താലൂക്കാ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു
ഗർഭിണിയായ മരുമകളെ പരിചരിക്കുന്നതിനും സഹായിക്കുന്നതിനുമായി പ്രതികളിൽ ഒരാൾ ഒരു മാസം മുമ്പാണ് ഉത്തർപ്രദേശിൽ നിന്ന് തന്റെ മരുമകളായ പെൺകുട്ടിയെ കൊണ്ടുവന്നത്. പ്രതികൾ ഇരുവരും പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ലൈംഗികപീഡനത്തിൽ മടുത്ത പെൺകുട്ടി ഒടുവിൽ ധൈര്യം സംഭരിച്ച് അയൽവാസികളോട് തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് വിവരിച്ചു. ഇക്കാര്യം അറിഞ്ഞ അയൽവാസികൾ പൊലീസിനെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പെൺകുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ ബുധനാഴ്ച വൈകുന്നേരമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ കോടതിയിൽ ഹാജരാക്കുകയും ഒരാഴ്ചത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പോക്‌സോ നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.