ഗുജറാത്തിൽ വ്യാജ കോടതി ഒരുക്കി തട്ടിപ്പ്; പ്രതി പിടിയിൽ

അഞ്ച് വർഷത്തിലേറെയായി വ്യാജ ട്രിബ്യൂണൽ പ്രവർത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി

Update: 2024-10-22 14:54 GMT
Advertising

ഗാന്ധിന​ഗർ: ഗുജറാത്തിൽ സ്വന്തമായി കോടതി ട്രിബ്യൂണൽ ഒരുക്കി തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. മോറിസ് സാമുവൽ ക്രിസ്റ്റ്യൻ എന്നയാളാണ് കേസിലെ മുഖ്യപ്രതി. ഇയാളാണ് വ്യാജ ട്രിബ്യൂണലിൽ ന്യായാധിപനായി വേഷമിട്ട് കേസുകൾ ഒത്തുതീർപ്പാക്കിയിരുന്നത്.

അഞ്ച് വർഷത്തിലേറെയായി ഈ വ്യാജ ട്രിബ്യൂണൽ പ്രവർത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കോടതി നിയമിച്ച ഒരു ഔദ്യോഗിക മധ്യസ്ഥനായി വേഷം കെട്ടിയ ഇയാൾ 2019-ൽ ഒരു ഭൂമി തർക്ക കേസിൽ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ ഭൂമി തർക്ക കേസ് അഹമ്മദാബാദ് സിറ്റി സിവിൽ കോടതിയിൽ വാദത്തിനായെത്തിയപ്പോഴാണ് തട്ടിപ്പ് പുറം ലോകം അറിയുന്നത്.

സിറ്റി സിവിൽ കോടതിയിൽ തീർപ്പാക്കാതെ കിടക്കുന്ന ഭൂമി തർക്ക കേസുകളിലെ കക്ഷികളെ ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ് നടന്നിരുന്നത്. കോടതി നിയമിച്ച ഔദ്യോഗിക മധ്യസ്ഥനെന്ന വ്യാജേനയാണ് കക്ഷികളെ ബന്ധപ്പെടുക. ഗാന്ധിനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇയാളുടെ ഓഫീസ് കോടതിയാക്കി മാറ്റിയായിരുന്നു തട്ടിപ്പ്.

നടപടിക്രമങ്ങൾ വിശ്വസീയനീയമാക്കാൻ ഇയാളുടെ കൂട്ടാളികൾ കോടതി ജീവനക്കാരോ അഭിഭാഷകരോ ആയി നിൽക്കും. ഇവിടേക്ക് കക്ഷികളെ വിളിച്ചുവരുത്തുകയും തുടർന്ന് കക്ഷികൾക്ക് അനുകൂലമായ വിധത്തിൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ് രീതിയെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കക്ഷികളിൽ നിന്ന് ഇതിനു പ്രതിഫലമായി വൻ തുക ഈടാക്കുകയും ചെയ്തിരുന്നു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News