മന്ത്രി അതിഷി മുതൽ സുനിത കെജ്‌രിവാൾ വരെ; ഡൽഹിയിൽ ആരാകും അരവിന്ദ് കെജ്‌രിവാളിന്റെ പകരക്കാരന്‍?

കെജ്‌രിവാൾ ജയിലിലായതോടെ സർക്കാരിന്റെ പ്രധാന മുഖമായി അതിഷി മാറിയിരുന്നു

Update: 2024-09-16 06:57 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡൽഹി: മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കുകയാണെന്ന് അപ്രതീക്ഷിതമായിട്ടാണ് അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചത്. മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് കെജ്‌രിവാൾ തീരുമാനം പ്രഖ്യാപിച്ചത്.

എന്നാൽ രണ്ട് ദിവസത്തിന് ശേഷമാണ് രാജിവെക്കുക എന്നും അദ്ദേഹം അറിയിച്ചിരുന്നു. ആരാകും കെജ്‌രിവാളിന്റെ പകരക്കാരന്‍ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നോക്കുന്നത്. പല പേരുകളും ഈ സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്.

മന്ത്രിമാരായ അതിഷി, ഗോപാൽ റായ്, കെജ്‌രിവാളിന്റെ ഭാര്യ സുനിത എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. അതേസമയം മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ രണ്ടാമത്തെ കമാൻഡറുമായ മനീഷ് സിസോദിയ ചുമതലയേൽക്കാനുള്ള സാധ്യത കുറവാണെന്നാണ് വിവരം. കെജ്‌രിവാളിനെപ്പോലെ ജനങ്ങൾ ക്ലീൻ ചിറ്റ് നൽകുന്നതുവരെ താൻ ഒരു സ്ഥാനവും വഹിക്കില്ലെന്നാണ് സിസോദിയയുടെയും നിലപാട്.

വിദ്യാഭ്യാസം, ധനകാര്യം, റവന്യു, നിയമം എന്നിവയുൾപ്പെടെ ഏറ്റവുമധികം വകുപ്പുകള്‍ അതിഷിയുടെ കൈവശമാണ്. കെജ്‌രിവാൾ മന്ത്രിസഭയിലെ ആദ്യ വനിതാ മന്ത്രി കൂടിയാണ് അതിഷി. രാജ്യതലസ്ഥാനത്ത് പാർട്ടിയുടെ വിദ്യാഭ്യാസ നയപരിഷ്കരണം നടപ്പാക്കാൻ ചുമതലപ്പെടുത്തിയ ടീമിലെ പ്രധാനിയാണ്. കെജ്‌രിവാൾ ജയിലിലായതോടെ സർക്കാരിന്റെ പ്രധാന മുഖമായി അതിഷി മാറിയിരുന്നു. കെജ്‌രിവാളിന്റെ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കാനും ഭരണകാര്യങ്ങളിൽ മേൽനോട്ടം വഹിക്കാനും അതിഷി മുന്നിട്ടിറങ്ങി ശ്രദ്ധ നേടിയിരുന്നു. 

കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍ എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും നിലനില്ക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഡൽഹി, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിലെ പ്രചാരണം സുനിത ഏറ്റെടുത്തിരുന്നു. 'ഇന്‍ഡ്യ' സഖ്യ പരിപാടികളിൽ സുനിതയുടെ സാന്നിധ്യം ഏറെ ചർച്ചയായിരുന്നു. അതേസമയം സുനിത നിലവിൽ എംഎൽഎയോ എഎപി അംഗമോ അല്ല. താന്‍ ഒഴിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം ഭാര്യക്ക് എന്ന നില കെജ്‌രിവാള്‍ സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്. 

മന്ത്രിമാരിൽ ഏറ്റവും കൂടുതൽ കാലം സേവനംചെയ്ത കൈലാഷ് ഗെഹ്‌ലോട്ടിന്റെ പേരും പരിഗണനയിലുണ്ട്.  ഗതാഗതം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. പാർട്ടി പ്രവർത്തനങ്ങളിലും യോഗങ്ങളിലുമെല്ലാം ഗെഹ്‌ലോട്ട് സജീവമാണ്. ഉദ്യോഗസ്ഥരുമായുള്ള വഴക്കുകൾക്കിടയിലും അദ്ദേഹം തൻ്റെ വകുപ്പുകള്‍ ഭംഗിയായി നോക്കുന്നു എന്ന് പാര്‍ട്ടിക്കുള്ളില്‍ വിലയിരുത്തലുണ്ട്. 

ആരോഗ്യ-നഗര വികസന- ജല വകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജ്, വനം വകുപ്പ് മന്ത്രി ഗോപാൽ റായ്, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ഇമ്രാൻ ഹുസൈൻ എന്നിവരുടെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. 

അതേസമയം കെജ്‌രിവാളിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് സ്പീക്കര്‍ റാം നിവാസ് ഗോയല്‍ അറിയിച്ചിട്ടുണ്ട്. കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സ്പീക്കര്‍ ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. അത് നേരത്തെ ആക്കണമെന്നാണ് എഎപി ആവശ്യം. നവംബറിൽ നടക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം തന്നെ ഡൽഹിയേയും പരിഗണിക്കണമെന്നാണ് എഎപിയുടെ ആവശ്യം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News