ഉപതെരഞ്ഞെടുപ്പുകൾ തിരിച്ചടിച്ചു; ഒറ്റരാത്രി കൊണ്ട് ഇന്ധനവില കുറച്ചു
ഇന്ധനവില തെരഞ്ഞെടുപ്പിൽ ആഘാതമുണ്ടാക്കി എന്നാണ് നേതാക്കളുടെ വിലയിരുത്തൽ
ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി പെട്ടെന്ന് കുറയ്ക്കാനുള്ള കേന്ദ്രസർക്കാറിന്റെ തീരുമാനത്തിന് പിന്നിൽ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി. അടിക്കടിയുള്ള ഇന്ധനവില തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആഘാതമുണ്ടാക്കി എന്നാണ് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ നേതാക്കളുടെ വിലയിരുത്തൽ. ഇതവർ കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഒറ്റ രാത്രി കൊണ്ട് പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്തുരൂപയും എക്‌സൈസ് നികുതി കേന്ദ്രം കുറച്ചത്.
29 നിയമസഭാ സീറ്റുകളിലേക്കും മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കുമാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്നത്. ഫലം വന്നപ്പോൾ അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപിക്കു നേരിട്ടത്. അധികാരത്തിലിരിക്കുന്ന ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്‌സഭാ മണ്ഡലത്തിലും മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും പാർട്ടി തോറ്റു. നാലിടത്തും കോൺഗ്രസാണ് ജയിച്ചത്. പശ്ചിമബംഗാളിലെ നാലു സീറ്റിൽ മൂന്നിടത്തും ബിജെപിക്ക് കെട്ടിവച്ച പണം പോലും നഷ്ടമായി. മാസങ്ങൾക്ക് മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയ ശേഷമാണ് ബംഗാളിൽ ബിജെപി ദയനീയമായി തോറ്റത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഒമ്പത് സീറ്റുകളിൽ മാത്രമാണ് സഖ്യകക്ഷികളുടെ ബലത്തിൽ ബിജെപിക്ക് വിജയിക്കാൻ സാധിച്ചത്. ബിഹാറിൽ ബിജെപി സഖ്യകക്ഷിയായ ജെഡിയു സീറ്റു നിലനിർത്തി. രാജസ്ഥാനിലെ ധരിയാവാദ്, വല്ലഭ്‌നഗർ മണ്ഡലങ്ങളിൽ ജയിച്ചത് കോൺഗ്രസാണ്. അസമിൽ മൂന്നു സീറ്റിൽ ബിജെപിയും രണ്ടു സീറ്റിൽ സഖ്യകക്ഷിയായ യുപിപിഎല്ലും വിജയിച്ചു. ഹരിയാനയിൽ വിവാദ കർഷക നിയമത്തിൽ പ്രതിഷേധിച്ച് എംഎൽഎ സ്ഥാനം രാജിവച്ച ഐഎൻഎൽഡിയുടെ അഭയ് ചൗതാല വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ബിജെപിക്ക് വൻ ആഘാതമായി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഉത്തർപ്രദേശിലും ഹരിയാനയിലും പന്ത്രണ്ട് രൂപയാണ് നികുതി കുറച്ചത്. തെരഞ്ഞെടുപ്പ് മുമ്പിൽക്കണ്ടു കൊണ്ടുള്ള നീക്കമാണിതെന്ന് വ്യക്തം. കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, അസം, ത്രിപുര, മണിപ്പൂർ തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും വില കുറിച്ചിട്ടുണ്ട്.
ഇന്ധനവില വർധനയും അവശ്യവസ്തുക്കളുടെ വിലക്കയറ്റവും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കില്ല എന്നാണ് നേരത്തെ കേന്ദ്രമന്ത്രി ഭഗ്‌വന്ത് ഖുബ അഭിപ്രായപ്പെട്ടിരുന്നത്. അങ്ങനെ ഒരു മുറവിളിയേ ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ ബിജെപിയുടെ കണക്കുകൂട്ടല്‍ തെറ്റിക്കുന്നതായി ജനവിധി.