മതത്തിന്റെ പേരിലുള്ള വിദ്വേഷ പ്രവർത്തനങ്ങളെ അപലപിച്ച് ജി 20 സംയുക്ത പ്രഖ്യാപനം
അക്രമങ്ങളെയും വേർതിരിവിനെയും അനുവദിക്കില്ലെന്ന് ഉച്ചകോടി സംയുക്തമായി പ്രഖ്യാപിച്ചു
ഡൽഹി: മതത്തിന്റെ പേരിലുള്ള വിദ്വേഷ പ്രവർത്തനങ്ങളെ അപലപിച്ച് ജി 20യിൽ സംയുക്ത പ്രഖ്യാപനം. വ്യക്തികൾ, മതചിഹ്നങ്ങൾ, വിശുദ്ധ ഗ്രന്ഥങ്ങൾ എന്നിവയ്ക്കെതിരായ എല്ലാ മത വിദ്വേഷ പ്രവർത്തനങ്ങളെയും ജി20 അപലപിച്ചു. മതങ്ങളോടും വിശ്വാസങ്ങളോടുമുള്ള അസഹിഷ്ണുതയെ എതിർക്കണം. അക്രമങ്ങളെയും വേർതിരിവിനെയും അനുവദിക്കില്ലെന്നും ഉച്ചകോടി സംയുക്തമായി പ്രഖ്യാപിച്ചു.
അതേസമയം ഉച്ചകോടിയിൽ ഇന്ത്യ - ഗൾഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മോദി വ്യക്തമാക്കി. സാമ്പത്തിക ഇടനാഴി അടുത്ത തലമുറക്കായി അടിത്തറ പാകുമെന്നും മോദി പറഞ്ഞു. പുതിയ അവസരങ്ങൾക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഇടനാഴിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജർമ്മൻ ചാൻസലർ പിന്തുണ അറിയിച്ചു. സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഫ്രാൻസ് വ്യക്തമാക്കി.
ഇന്ന് രാവിലെയോടെയാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് തുടക്കമായത്. ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെ അഭിസംബോധന ചെയ്തു. 55 രാജ്യങ്ങൾ ചേർന്ന ആഫ്രിക്കൻ യൂണിയഡന് ജി20യിൽ അംഗത്വം നൽകുകയും ചെയ്തു.