ജി 20 ഉച്ചകോടി: ഡൽഹിയിലെ ചേരികൾ മറച്ച് അധികൃതർ; ദൃശ്യങ്ങൾ പകർത്താനെത്തിയ മീഡിയവൺ സംഘത്തെ തടഞ്ഞു
ദൃശ്യങ്ങൾ എടുക്കാൻ അനുവാദമില്ലെന്നും എടുത്ത ദൃശ്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും ഡൽഹി പൊലീസ്
ന്യൂഡൽഹി: ജി 20 ഉച്ചകോടി തുടങ്ങാനിരിക്കെ രാജ്യതലസ്ഥാനത്തെ ചേരികൾ മറച്ച് അധികൃതർ. ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാൻ സാധ്യതയുള്ള മേഖലകളിലെ ചേരികളാണ് മറച്ചത്. ചേരികൾ മറച്ച ദൃശ്യങ്ങൾ എടുക്കാൻ പോയ മീഡിയവൺ സംഘത്തെ പൊലീസ് തടഞ്ഞു. ചേരികളുടെ ദൃശ്യങ്ങൾ കാമയിൽ നിന്ന് നീക്കം ചെയ്തു. ദൃശ്യങ്ങൾ എടുക്കാൻ അനുവാദമില്ലെന്നും എടുത്ത ദൃശ്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും ഡൽഹി പൊലീസ് അറിയിച്ചു. സുരക്ഷയുടെ ഭാഗമായാണ് ഇത്തരം നടപടിയെന്നും പൊലീസ് പറഞ്ഞു. ജി 20യുടെ പ്രധാന വേദിയ്ക്ക് സമീപത്തെ ചേരി അധികൃതർ നേരത്തെ പൊളിച്ച് മാറ്റിയിരുന്നു.
ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം മുതൽ ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാന്‍ വരെയുള്ള സ്ഥലങ്ങളിലെയും ലോക നേതാക്കൾ സഞ്ചരിക്കുന്ന റോഡുകളിലെ ഇരു വശങ്ങളിലുമുള്ള ചേരികളാണ് മറച്ചുകളയുന്നത്. നഗരത്തിലെ പ്രധാന മേഖലയായ മുനീർക്കയിലെ ചേരികളാണ് ഇപ്പോൾ മറച്ചുകൊണ്ടിരിക്കുന്നത്. ഗ്രീൻ നെറ്റ് ഉപയോഗിച്ച് ചേരിയിലെ വീടുകള്‍ ഒരു തരത്തിലും പുറത്ത് കാണാത്ത രീതിയിലാണ് മറച്ചിരിക്കുന്നത്. ചേരിയിലുള്ളവർ പുറത്തിറങ്ങുന്ന വഴി മാത്രമാണ് തുറന്നിട്ടുള്ളത്. ഗ്രീൻ നെറ്റിന് മുകളില്‍ ജി20യുടെ പരസ്യ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. നടപടി ജനാധിപത്യവിരുദ്ധമെന്ന് സി.പി.ഐ നേതാവ് ആനി രാജയും പ്രതികരിച്ചു.
പൊലീസ് നടപടി മാധ്യമസ്വതന്ത്രത്തിൻ മേലുള്ള കടന്നുകയറ്റമെന്ന് എ.എ റഹീം എം.പി പറഞു. ഉച്ചകോടി നടക്കുന്ന 9, 10 ദിവസങ്ങളിൽ, കടകളടച്ചുടാനും ഓട്ടോറിക്ഷകൾ പുറത്തിറക്കരുതെന്നും നിർദേശമുണ്ട്. ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നോർത്തേൺ റെയിൽവേ 300 ട്രെയിനുകൾ റദ്ദാക്കി. 36 ട്രെയിനുകൾ ഭാഗികമായി സർവീസ് നടത്തും. ഉച്ചകോടി നടക്കുന്ന 9,10, 11 തിയതികളിലാണ് നിയന്ത്രണം.
ചില ട്രെയിനുകൾക്ക് അധിക സ്‌റ്റോപ്പുകളും അനുവദിച്ചു.ഉച്ചകോടിയുടെ ഭാഗമായി ഡൽഹി വൻ സുരക്ഷാ വലയത്തിലാണ്. ശനിയാഴ്ച ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഫുൾ ഡ്രസ് റിഹേഴ്‌സൽ നടത്തിയിരുന്നു. തത്സമയം ട്രാഫിക് അപ്‌ഡേറ്റുകൾ അറിയാനായി ജി-20 വെർച്വൽ ഹെൽപ് ഡെസ്‌ക് പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു.