'കളി മാറും': പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ത്യയെ മാറ്റിമറിക്കുമെന്ന് കെസി വേണുഗോപാൽ

ബിജെപി സർക്കാർ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് വേണുഗോപാൽ പറഞ്ഞു

Update: 2023-07-17 09:21 GMT
Editor : banuisahak | By : Web Desk
Advertising

ബംഗളൂരു: ബംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ത്യയെ മാറ്റിമറിക്കുന്നതായിരിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള സർക്കാർ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് വേണുഗോപാൽ പറഞ്ഞു. 

ബിജെപി പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവെന്നും പാർട്ടി നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതും മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളും ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ബംഗളൂരുവിൽ യോഗത്തിനായി ഒത്തുകൂടിയ വേളയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോൺഗ്രസ് നേതാക്കളായ ജയറാം രമേശും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും വാർത്താസമ്മേളനത്തിൽ സംസാരിച്ചു. ജൂൺ 23ന് പട്‌നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം വിജയമായിരുന്നെന്ന് കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി. "നാളെ 26 രാഷ്ട്രീയ പാർട്ടികൾ ബെംഗളൂരു യോഗത്തിൽ പങ്കെടുക്കും. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ മാറ്റിമറിക്കുന്ന യോഗത്തിൽ ഭാവി നടപടി ഞങ്ങൾ തീരുമാനിക്കും. പാർലമെന്റ് തന്ത്രവും ഞങ്ങൾ ചർച്ച ചെയ്യും"; അദ്ദേഹം പറഞ്ഞു.

ഈ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുക, ഭരണഘടനാപരമായ അവകാശങ്ങളും നമ്മുടെ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും ഉറപ്പാക്കുക എന്ന പൊതു ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചിരിക്കുന്നതെന്ന് വേണുഗോപാൽ കൂട്ടിച്ചേർത്തു. 

ബെംഗളൂരുവിൽ നടക്കുന്ന രണ്ടാം സംയുക്ത പ്രതിപക്ഷ യോഗത്തിൽ പ്രതിപക്ഷ നേതാക്കൾ ഇവിഎം മെഷീനുകൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ചർച്ച നടത്തുമെന്ന് നേരത്തെ മാധ്യമപ്രവർത്തകരോട് സംസാരിച്ച ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങാനാണ് പ്രതിപക്ഷ പാർട്ടികളുടെ ശ്രമം. പ്രതിപക്ഷ നേതാക്കളുടെ ഔപചാരിക യോഗത്തിന് ശേഷം രണ്ട് ദിവസത്തെ യോഗം നാളെ സമാപിക്കും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News