ഗംഗാനദിയില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ അളവ് അപകടകരമായ നിലയിലെന്ന് പഠനം
5 മില്ലിമീറ്ററിനും താഴെ വലിപ്പമുള്ള കണ്ടുപിടിക്കാനും നീക്കം ചെയ്യാനും ബുദ്ധിമുട്ടുള്ള തരം പ്ലാസ്റ്റിക്കിനെയാണ് മൈക്രോ പ്ലാസ്റ്റിക്ക് എന്ന് വിളിക്കുന്നത്.
ഗംഗ ശുദ്ധീകരണത്തിനായി കോടികൾ ചെലവഴിക്കുമ്പോഴും ഗംഗാനദി ഇപ്പോഴും മാലിന്യമയമാണ് എന്ന് തെളിയിക്കുന്ന പുതിയ പഠനങ്ങൾ പുറത്ത്. നോൺ-ടോക്‌സിക് ലിങ്ക് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് മണ്ണിൽ ലയിക്കാത്ത രീതിയിലുള്ള മൈക്രോ പ്ലാസ്റ്റിക്കിന്റെ അളവ് ഗംഗയിൽ അപകടകരമായ നിലയിലാണ് എന്ന പഠനം പുറത്തുവന്നത്. വാരണാസി, ഹരിദ്വാർ, കാൺപൂർ എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 2,525 നീളമുള്ള ഗംഗാനദി ലോകത്തെ തന്നെ ഏറ്റവും മലിനമായ നദികളിലൊന്നാണ്.
എന്താണ് മൈക്രോ പ്ലാസ്റ്റിക്ക് ?
5 മില്ലിമീറ്ററിനും താഴെ വലിപ്പമുള്ള കണ്ടുപിടിക്കാനും നീക്കം ചെയ്യാനും ബുദ്ധിമുട്ടുള്ള തരം പ്ലാസ്റ്റിക്കിനെയാണ് മൈക്രോ പ്ലാസ്റ്റിക്ക് എന്ന് വിളിക്കുന്നത്. മനുഷ്യന് നേരിട്ട് ഇവ അപകടകാരിയാകുന്നില്ലെന്നും ജലജീവികൾക്ക് ഇവ അതീവ അപകടകാരിയാണ്. 663 ജലജീവികളെ പഠനവിധേയമാക്കിയപ്പോൾ അതിൽ 11 ശതമാനം ജീവികളെയും ഈ പ്ലാസ്റ്റിക്ക് ദോഷകരമായി ബാധിക്കുന്നുവെന്നാണ് പഠനം. ഈ ജലജീവികളെ ഭക്ഷിക്കുന്നതിലൂടെ മനുഷ്യനിലും ഈ പ്ലാസ്റ്റിക്ക് എത്തും.
വ്യവസായശാലകളിൽ നിന്നാണ് പ്രധാനമായും ഇത്തരത്തിലുള്ള പ്ലാസ്റ്റിക്ക് ഗംഗയിലേക്കെത്തുന്നത്. ലോകത്തെ തന്നെ ഏറ്റവും കൂടുതൽ മൈക്രോ പ്ലാസ്റ്റിക് അടങ്ങിയ നദിയാണ് ഗംഗയെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
സംഭവങ്ങൾ ഇങ്ങനെയാണെങ്കിലും ഗംഗയുടെ തീരത്തുള്ള നിരവധിപേർ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് ഗംഗയെയാണ്. 1985 ലെ ഗംഗ ആക്ഷൻ പ്ലാൻ, 2001 ലെ മിഷൻ ഫോർ ക്ലീൻ ഗംഗ, 2015 ലെ നമാമി ഗംഗ അങ്ങനെ നിരവധി പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപയാണ് ഗംഗ ശുചീകരണത്തിന് വിവിധ സർക്കാരുകൾ ചെലവഴിച്ചത്.