എല്ലാ ഓഹരികളും നഷ്ടത്തിൽ; അദാനിക്ക് ഇന്നത്തെ ദിവസം നിര്‍ണായകം
അദാനി എന്‍റര്‍പ്രൈസസും അംബുജ സിമന്റ്സും എൻഡി ടിവിയടക്കമുള്ള ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്
ഡല്‍ഹി: കഴിഞ്ഞ ദിവസം എല്ലാ ഓഹരികളും നഷ്ടത്തിൽ കൂപ്പുകുത്തിയ അദാനിക്ക് ഇന്നത്തെ വിപണി നിർണായകമാണ്. അദാനി എന്‍റര്‍പ്രൈസസും അംബുജ സിമന്റ്സും എൻഡിടിവിയടക്കമുള്ള ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റെക്കോർഡ് വേഗത്തിൽ വിറ്റു പോയ എഫ്പിഒ അദാനി ഗ്രൂപ്പ് റദ്ദാക്കിയതോടുകൂടി ഇന്നും അദാനി ഗ്രൂപ്പ് ഓഹരികൾക്ക് നഷ്ടം നേരിടാനാണ് സാധ്യത. നഷ്ടത്തിൽ നിന്ന് കര കയറാനുള്ള അദാനി ഗ്രൂപ്പിന്റെ നടപടി എന്താകുമെന്നും നിക്ഷേപകർ ഉറ്റുനോക്കുന്നുണ്ട്.
ഓഹരിവിപണയിൽ വൻ തിരിച്ചടി നേരിടവേ അദാനി ഗ്രൂപ്പിന്‍റെ എഫ്പിഒ റദ്ദാക്കി, നിക്ഷേപകരുടെ താൽപ്പര്യം പരിഗണിച്ചാണ് നടപടയെന്നാണ് അദാനി ഗ്രൂപ്പിന്‍റെ വിശദീകരണം. നിക്ഷേപകർക്ക് പണം തിരികെ നൽകാനാണ് അദാനി ഗ്രൂപ്പിന്‍റെ തീരുമാനം. ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വിറ്റഴിച്ച അദാനി ഗ്രൂപ്പിന്റെ 20,000 കോടിയുടെ എഫ്പിഒയാണ് ഗ്രൂപ്പ് റദ്ദാക്കിയത്. ബജറ്റ് ദിനമായ ഇന്നലെ ഓഹരിവിപണിയിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് നാടകീയ നടപടി, വരും ദിവസങ്ങളിലും അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ കര തൊടാൻ സാധ്യതയില്ല, ഈ സാഹചര്യത്തിലാണ് തുടർ ഓഹരി വിൽപന പാതി വഴിയിൽ ഉപേക്ഷിക്കുന്നത്. ഹിൻഡൻബർഗ് കണ്ടെത്തലും പിന്നാലെ ക്രെഡിറ്റ് സ്യൂസ് അദാനി ബോണ്ട് വാങ്ങൽ നിർത്തുകയും ചെയ്തിരുന്നു, കൂടാതെ സെബി അദാനി ഗ്രൂപ്പിന്‍റെ ഓഹരി വിപണിയിലെ ഇടപെടലുകൾ അന്വേഷിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു, ഇന്നലെ പ്രഖ്യാപിച്ച ബജറ്റിലും അദാനി ഗ്രൂപ്പിന് ആശ്വസിക്കാൻ ഒന്നുമില്ല, ഈ സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിന്‍റെ നാടകീയ നീക്കം, ഓഹരി മൂല്യം കൂപ്പുകുത്തിയ നിലക്ക് വായ്പ അനുവദിച്ച ബാങ്കുകൾ സമ്മർദവുമായി രംഗത്ത് വരാനും സാധ്യതയുണ്ട്.
ഓഹരി വാങ്ങിയവർക്ക് പണം തിരികെ നൽകുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും വിൽപ്പനക്ക് വെച്ച ഓഹരിവിലയും നിലവിലെ വിലയും തമ്മിൽ ആയിര രൂപക്കടുത്ത് വ്യത്യാസമുണ്ട്. അതിനാൽ നിക്ഷേപകർക്ക് പണം തിരികെ കിട്ടാൻ കാലതാമസം എടുക്കും, ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഏഴര ലക്ഷം കോടിയുടെ ഇടിവാണ് ഓഹരിമൂല്യത്തിൽ അദാനിക്കമ്പനിക്ക് നേരിടേണ്ടി വന്നത്.