ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി
109 ബില്യൺ ഡോളറുമായി മുകേഷ് അംബാനി തൊട്ടുപിന്നിൽ
ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി തിരിച്ചുപിടിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്നാണ് അദാനിയുടെ നേട്ടം. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ശനിയാഴ്ച വൈകുന്നേരം 6 മണി വരെയുള്ള കണക്കിൽ 111 ബില്യൺ ഡോളർ ആസ്തിയുമായി സൂചികയിൽ 11ാം സ്ഥാനത്താണ് അദാനി. 109 ബില്യൺ ഡോളറുമായി മുകേഷ് അംബാനി തൊട്ടുപിന്നിൽ തന്നെയുണ്ട്.
അദാനി ഗ്രൂപ്പിൻ്റെ ഓഹരികളിലെ ഗണ്യമായ ഉയർച്ചയാണ് അംബാനിയെ അദാനി മറികടക്കുന്നതിൽ പ്രധാന ഘടകം. അടുത്ത ദശകത്തിൽ 90 ബില്യൺ ഡോളർ മൂലധനച്ചെലവ് ഉൾപ്പെടെ ഗ്രൂപ്പിൻ്റെ വിപുലീകരണ പദ്ധതികൾ ഉയർത്തിക്കാട്ടുന്ന ജെഫറീസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. തുടർന്ന് വെള്ളിയാഴ്ച അദാനി ഗ്രൂപ്പിൻ്റെ എല്ലാ കമ്പനികളുടെയും ഓഹരികൾ കുതിച്ചുയർന്നു.
ഈ ആഴ്ച ആദ്യം ഗൗതം അദാനി അദാനി ഗ്രൂപ്പിൻ്റെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. കമ്പനിയുടെ മികച്ച ദിവസങ്ങൾ വരാനിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. .മുന്നിലുള്ള പാത അസാധാരണമായ സാധ്യതകളോടെയാണ് നിർമ്മിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പ് ഇന്ന് മുമ്പത്തേക്കാൾ ശക്തമാണെന്ന് തനിക്ക് വാഗ്ദാനം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പ്രതിദിന റാങ്കിങ് സൂചിപ്പിക്കുന്നു. ന്യൂയോർക്കിലെ ഓരോ വ്യാപാര ദിനം അവസാനിക്കുമ്പോഴും സൂചിക അപ്‌ഡേറ്റ് ചെയ്യും.