ഗാന്ധി കുടുംബത്തെ വെല്ലുവിളിക്കേണ്ടെന്ന നിലപാടില്‍ ജി 23; സോണിയ - ഗുലാം നബി ആസാദ് കൂടിക്കാഴ്ച ഇന്ന്
കോൺഗ്രസിലെ തിരുത്തൽശക്തിയായി പ്രവർത്തിക്കുമ്പോൾ തന്നെ ഗാന്ധി കുടുംബത്തെ വെല്ലുവിളിക്കേണ്ടെന്ന തീരുമാനത്തിലാണ് ജി 23 നേതാക്കൾ
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഗുലാം നബി ആസാദ് ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. ഗാന്ധി കുടുംബവുമായി ഏറ്റുമുട്ടാനില്ലെന്ന സൂചനയാണ് ഇന്നലെ ചേർന്ന യോഗത്തിൽ നിന്ന് ലഭിക്കുന്നത്. യോഗം നാല് മണിക്കൂർ നീണ്ടു.
കോൺഗ്രസിലെ തിരുത്തൽശക്തിയായി പ്രവർത്തിക്കുമ്പോൾ തന്നെ ഗാന്ധി കുടുംബത്തെ വെല്ലുവിളിക്കേണ്ടെന്ന തീരുമാനത്തിലാണ് ജി 23 നേതാക്കൾ. രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച കപിൽ സിബലിന്റെ അഭിപ്രായത്തിൽ നിന്നു ഒരു കയ്യകലം പാലിച്ചാണ് മറ്റു നേതാക്കളുടെ നിൽപ്പ്. യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ കൂട്ടായ ആലോചനയും നേതൃത്വവും വേണമെന്ന് ആവശ്യപ്പെടുന്നു. ബിജെപിയെ എതിർക്കാൻ സമാന മനസ്കരുമായി കോൺഗ്രസ് കൂട്ടായ്മ രൂപീകരിക്കണം
ഗുലാം നബി അസാദിന്റെ വസതിയിൽ എംപിമാരായ ആനന്ദ് ശർമ, മനീഷ് തിവാരി, ശശി തരൂർ, അഖിലേഷ് പ്രതാപ് സിങ് അടക്കം 18 നേതാക്കൾ നേരിട്ട് യോഗത്തിൽ പങ്കെടുത്തു. അമരീന്ദർ സിങിന്‍റെ ഭാര്യ പ്രണീത് കൗറിന്റെ സാന്നിധ്യം ശ്രദ്ധേയമായി. നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയ കപിൽ സിബലിന്റെ വസതിയിൽ നിശ്ചയിച്ച യോഗം ഇന്നലെയാണ് ഗുലാം നബി അസാദിന്റെ വസതിയിലേക്ക് മാറ്റിയത്. സംഘടനക്കുള്ളിൽ സമ്മർദ ശക്തിയായി നിലകൊള്ളുമെന്ന സന്ദേശമാണ് ഈ മൃദു സമീപനത്തിലൂടെ ഹൈക്കമാന്‍ഡിന് നൽകുന്നത്.