'ബിഹാറിൽ ഹലാൽ ഉൽപന്നങ്ങൾ നിരോധിക്കണം'; നിതീഷ് കുമാറിന് കത്തെഴുതി കേന്ദ്രമന്ത്രി

ബി.ജെ.പി നേതാക്കളാണ് ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരെന്നും അവരുടെ ഇരട്ടത്താപ്പാണ് ഇതു കാണിക്കുന്നതെന്നും ജെ.ഡി.യു വക്താവ് നീരജ് കുമാർ

Update: 2023-11-23 09:36 GMT
Editor : Shaheer | By : Web Desk

ഗിരിരാജ് സിങ്

Advertising

പാട്‌ന: ബിഹാറിൽ ഹലാൽ ഉൽപന്നങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോടാണ് അദ്ദേഹം ആവശ്യമുയയർത്തിയത്. ബിസിനസ് രംഗത്ത് ഇസ്‌ലാമികവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള ജിഹാദിന്റെ ഭാഗമാണ് ഹലാൽ ഉൽപന്നങ്ങളെന്ന് ഗിരിരാജ് ആരോപിച്ചു.

നിതീഷ് കുമാറിന് അയച്ച കത്തിന്റെ പൂർണരൂപം ഗിരിരാജ് സിങ് എക്‌സിൽ പങ്കുവച്ചിട്ടുണ്ട്. മധ്യകാലത്ത് അമുസ്‌ലിംകൾക്കുമേൽ ചുമത്തിയിരുന്ന ജിസ്‌യ നികുതിപിരിവിനു സമാനമാണ് ഹലാൽ അംഗീകൃത ഉൽപന്നങ്ങളെന്ന് കത്തിൽ ആരോപിക്കുന്നു. വോട്ട്ബാങ്ക് സംരക്ഷിക്കാനും രാഷ്ട്രീയ പ്രീണനത്തിനും വേണ്ടിയാണ് മുൻ കോൺഗ്രസ് സർക്കാരുകൾ ഇതുകൊണ്ടുവന്നത്. 'ടുക്‌ഡെ ടുക്‌ഡെ' സംഘം ബിഹാറിന്റെ മുക്കിലും മൂലയിലുമെല്ലാം അതു ലഭ്യമാക്കുകയും ചെയ്തുവെന്നും ആരോപണം തുടരുന്നു.

''ഹിന്ദു പാരമ്പര്യത്തിൽ ചെയ്യുന്നതു പോലെ ഖുർആൻ പാരായണം ചെയ്തു പുണ്യാഹം നടത്തിയാണ് ഹലാൽ സെർട്ടിഫിക്കേഷൻ ചെയ്യുന്നത്. സനാതനധർമം ഭീഷണി നേരിടുകയാണ്. ഹലാൽ ഉൽപന്നങ്ങൾക്കു കടിഞ്ഞാണില്ലെങ്കിൽ ശരീഅത്ത് ഭരണത്തിനാകും അതു വഴിതെളിയിക്കുക.''-ഗിരിരാജ് കത്തിൽ പറഞ്ഞു.

എന്നാൽ, ഗിരിരാജ് സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ നിതീഷ് കുമാറിന്റെ പാർട്ടിയായ ജെ.ഡി.യു രംഗത്തെത്തി. സനാതനധർമത്തിന്റെ വലിയ സംരക്ഷകരാണെന്നാണ് ബി.ജെ.പി അവകാശപ്പെടാറുള്ളത്. എന്നാൽ, ഉത്തർപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിലെ അവരുടെ തന്നെ നേതാക്കളാണ് ബീഫിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാരെന്ന് ജെ.ഡി.യു മുഖ്യവക്താവ് നീരജ് കുമാർ കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഇരട്ടത്താപ്പിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

Summary: Union minister Giriraj Singh demands ban on halal products in Bihar

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News