ആക്രമിക്കാൻ വന്ന കുരങ്ങനെ അലക്‌സ ഉപയോഗിച്ച് ഓടിച്ചു; 13കാരിക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര
കുട്ടിക്ക് കോർപ്പറേറ്റ് മേഖലയിൽ ശോഭിക്കാനാവുമെന്ന് മഹീന്ദ്ര
ലഖ്‌നൗ: വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ച കുരങ്ങനെ ആമസോൺ അലക്‌സയുടെ സഹായത്തോടെ ഓടിച്ച പെൺകുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര. ഉത്തർപ്രദേശ് ലഖ്‌നൗവിലെ നികിത പാണ്ഡെ എന്ന 13കാരിയാണ് തന്നെയും തന്റെ സഹോദരിയേയും വിർച്വൽ വോയ്‌സ് അസിസ്റ്റൻഡായ അലക്‌സയുടെ സഹായത്തോടെ രക്ഷിച്ചത്. വീട്ടിനകത്ത് കയറിയ കുരങ്ങൻ ഇരുവരെയും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാൽ ധൈര്യം കൈവിടാതിരുന്ന നികിത അലക്‌സയോട് നായ കുരക്കുന്ന ശബ്ദമുണ്ടാക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ അലക്‌സ നായയുടെ ശബ്ദമുണ്ടാക്കി. ഇത് കേട്ട് പേടിച്ച കുരങ്ങൻ വീടിന് പുറത്തേക്കോടുകയായിരുന്നു.
പ്രമുഖ മാധ്യമം സംഭവത്തെക്കുറിച്ച് വാർത്ത ചെയ്തത് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനായ ആനന്ദ് മഹീന്ദ്രയുടെ കാതുകളിലെത്തുകയായിരുന്നു. സാഹചര്യത്തെ നേരിടാനായി പെട്ടന്ന് പ്രതിവിധി കണ്ടെത്തിയ കുട്ടിയുടെ കഴിവിനെ പ്രശംസിച്ച് മഹീന്ദ്ര തന്റെ എക്‌സിൽ ഒരു കുറിപ്പും രേഖപ്പെടുത്തി.
' ഇക്കാലഘട്ടത്തിലെ പ്രധാന ചോദ്യം നാം സാങ്കേതികവിദ്യകളുടെ അടിമകളാണോ അതോ യജമാനന്മാരാണോ എന്നതാണ്. സാങ്കേതികവിദ്യയെ നിയന്ത്രിക്കാൻ നാം പ്രാപ്തരാണെന്ന് ആശ്വാസം നൽകുന്നതാണ് ഈ ദൃശ്യങ്ങൾ. അസാധാരണമാണ് ഈ പെൺകുട്ടിയുടെ പെട്ടന്നുള്ള ചിന്ത, മനുഷ്യന്റെ കഴിവ് ഗംഭീരം തന്നെ'.
പെൺകുട്ടിയെ പ്രശംസിച്ച മഹീന്ദ്ര, വിദ്യാഭ്യാസം പൂർത്തിയാക്കി ഭാവിയിൽ കുട്ടി ആഗ്രഹിക്കുകയാണെങ്കിൽ മഹീന്ദ്ര കമ്പനിയിൽ കുട്ടിക്ക് ജോലിക്ക് പ്രവേശിക്കാമെന്ന വാഗ്ദാനവും നൽകി.
'പ്രവാചനതീതമായ ലോകത്ത് മികച്ച് നേതൃത്വത്തിനായുള്ള കഴിവാണ് കുട്ടി പ്രകടമാക്കിയത്. അവളുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അവൾ എപ്പോഴെങ്കിലും കോർപറേറ്റ് ലോകത്ത് ജോലി ചെയ്യാൻ തീരുമാനിച്ചാൽ, മഹീന്ദ്രയിൽ ചേരാൻ അവളെ ബോധ്യപ്പെടുത്താൻ സാധിക്കുമെന്ന് കരുതുന്നു' - എന്നും മഹീന്ദ്ര കുറിച്ചു.
താൻ നിലവിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ടേയുള്ളവെന്നും ഭാവിയിൽ ഉറപ്പായും മഹീന്ദ്രയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും നികിത പറഞ്ഞു. രണ്ട് വർഷം മുമ്പ് കുട്ടിയുടെ പിറന്നാളിനാണ് കുട്ടിക്ക് വീട്ടുകാർ അലക്‌സ സമ്മാനിച്ചത്.