'ബി.ടി.എസിനെ കാണണം, കപ്പൽ വഴി കൊറിയയിലെത്തണം' ; വീടുവിട്ടിറങ്ങിയ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി

കാട്പാട് റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് തമിഴ്നാട് സ്വദേശികളെ പൊലീസ് കണ്ടെത്തിയത്

Update: 2024-01-07 05:44 GMT
Editor : Lissy P | By : Web Desk
Advertising

ചെന്നൈ: കൊറിയൻ മ്യൂസിക് ബാൻഡായ ബിടിഎസ് ലോകത്താകമാനമുണ്ടായക്കിയ തരംഗം ചെറുതൊന്നുമില്ല. ഭാഷ,ദേശഭേദമില്ലാതെ നിരവധി ആരാധകർ ബി.ടി.എസ് ബാൻഡിനുണ്ട്. ആരാധന മൂത്ത് ബി.ടി.എസ് ബാൻഡ് അംഗങ്ങളെ കാണാൻ വീടുവിട്ടിറങ്ങിയവർ നിരവധിയാണ്. ഇത്തവണ ബി.ടി.എസിനെ കാണാൻ വീടുവിട്ടിറങ്ങിയത് തമിഴ്‌നാട്ടിലെ മൂന്ന് പെൺകുട്ടികളായിരുന്നു.

വിശാഖപട്ടണത്തെത്തി കപ്പൽ മാർഗം കൊറിയയിലേക്ക് പോകാനായിരുന്നു 13 വയസുള്ള കുട്ടികളുടെ പദ്ധതി. കാണാതായതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് കാട്പാടി റെയിൽവേ പൊലീസ് ആണ് കുട്ടികളെ കണ്ടെത്തിയത്. ഒരുമാസം മുമ്പാണ് കൊറിയയിലേക്ക് പോകാനുള്ള പദ്ധതി കുട്ടികൾ ആസൂത്രണം ചെയ്തതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഈ റോഡിൽ നിന്ന് ചെന്നൈയിലേക്ക് ട്രെയിൻ മാർഗം പോയി അവിടെനിന്ന് വിശാഖപ്പട്ടണത്ത് എത്തുക. പിന്നെ കപ്പൽ വഴി ദക്ഷിണ കൊറിയ വരെ പോകുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.  നിക്ഷേപക്കുടുക്ക പൊട്ടിച്ച് 14,000 രൂപയാണ് ഇതിനായി ഇവർ സ്വരുക്കൂട്ടി വെച്ചത്. എന്നാൽ കാട്പടി സ്റ്റേഷനിൽ ചായ കുടിക്കാൻ ഇറങ്ങിയപ്പോൾ ട്രെയിൻ പോയി. തുടർന്ന് മൂന്നുപേരും റെയിൽവെ സ്റ്റേഷനിൽ തങ്ങി. സംശയംതോന്നി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ബി.ടി.എസിനെ കാണാൻ നാടുവിട്ട കാര്യം അറിയുന്നത്.

ജനുവരി നാലിനാണ് മൂവരും വീടുവിട്ടത്. ആദ്യം ഈറോഡിലെത്തി, ചെന്നൈയിലേക്ക് വണ്ടി കയറി. ചെന്നൈയിൽ ഹോട്ടൽ മുറികൾ അന്വേഷിച്ചെങ്കിലും ആദ്യം കിട്ടിയില്ല. ഒടുവിൽ 1200 രൂപക്ക് ഒരു രാത്രി അവിടെ തങ്ങി. എന്നാൽ ചെന്നൈയിലെത്തിയതോടെ പെൺകുട്ടികൾക്ക് യാത്ര മടുത്തു. പിറ്റേന്ന് വീട്ടിലേക്ക് മടങ്ങാനായി അവർ വീണ്ടും ട്രെയിൻ കയറി ചായകുടിക്കാൻ കാട്പാടിയിൽ ഇറങ്ങുകയായിരുന്നു. ഇതിനിടെ കാണാതായ പരാതി രജിസ്റ്റർ ചെയ്യുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങളിലൂടെയും സോഷ്യൽമീഡിയയിലൂടെയും ഇവരുടെ വിവരങ്ങൾ കൈമാറിയിരുന്നു. കുട്ടികളെ കണ്ടെത്തിയതോടെ അവരെ നാട്ടിലേക്ക് കൊണ്ടുവന്ന് വെല്ലൂർ ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറി. കൗൺസിലിങ്ങിന് ശേഷം പെൺകുട്ടികളെ നാട്ടിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News