'തെളിവായി ഫോട്ടോയോ വീഡിയോയോ ഉണ്ടെങ്കിൽ തരൂ'; ഗുസ്തി താരങ്ങളോട് ഡൽഹി പൊലീസ്
ബ്രിജ് ഭൂഷണെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതെ സ്വതന്ത്ര അന്വേഷണം സാധ്യമാവില്ലെന്നും ഗുസ്തി താരങ്ങൾ പറഞ്ഞു.
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച ഗുസ്തി താരങ്ങളോട് തെളിവ് ആവശ്യപ്പെട്ട് ഡൽഹി പൊലീസ്. ആരോപണങ്ങൾ ശരിവെക്കുന്ന ഫോട്ടോ, വീഡിയോ, വാട്‌സ്ആപ്പ് ചാറ്റ് അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
പൊലീസ് അന്വേഷണത്തിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ഗുസ്തി താരം ബജ്‌റംഗ് പുനിയ കഴിഞ്ഞ ദിവസം എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബി.ജെ.പി എം.പിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബ്രിജ് ഭൂഷൺ തനിക്കെതിരായ അന്വേഷണം തടസ്സപ്പെടുത്തുകയാണെന്നും ബജ്‌റംഗ് പുനിയ പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു വനിതാ ഗുസ്തി താരത്തെ പൊലീസ് ഗുസ്തി ഫെഡ്‌റേഷന്റെ ഓഫീസിലേക്ക് കൊണ്ടുപോയി. ബ്രിജ് ഭൂഷൺ സിങ് അവിടെയില്ലെന്ന് പറഞ്ഞാണ് പൊലീസ് കൊണ്ടുപോയത്. എന്നാൽ അദ്ദേഹം അവിടെയുണ്ടെന്ന് അറിഞ്ഞപ്പോൾ അവൾ ഭയന്നുപോയെന്നും ബജ്‌റംഗ് പുനിയ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത ഗുസ്തി താരം ബ്രിജ് ഭൂഷണെതിരായ മൊഴി മാറ്റിയത് കനത്ത സമ്മർദത്തെ തുടർന്നാണെന്ന് സാക്ഷി മാലിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരാതി ഒത്തുതീർപ്പാക്കാൻ തങ്ങൾക്കും വലിയ സമ്മർദമുണ്ടെന്നും സാക്ഷി പറഞ്ഞു. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാതെ ഒരിക്കലും സ്വതന്ത്ര അന്വേഷണം സാധ്യമാവില്ലെന്നും അവർ പറഞ്ഞു.
'हम पर समझौते का दबाव, अगर वो बाहर रहेगा तो डर का माहौल रहेगा'
— News24 (@news24tvchannel) June 10, 2023
◆ सोनीपत में हुई खाप पंचायत बोलीं साक्षी मलिक #WrestlersProtests | #SakshiMalik | @SakshiMalik pic.twitter.com/dVJm1a0ddR