പ്രധാനമന്ത്രിയുടെ തമിഴ്‌നാട് സന്ദർശനം: ട്വിറ്ററിൽ ട്രെൻഡായി 'ഗോബാക്ക് മോദി'

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് വി.സി.കെ നേതാവും ലോക്‌സഭാ എം.പിയുമായ തോൾ തിരുമാവളവൻ പ്രഖ്യാപിച്ചിട്ടുണ്ട്

Update: 2022-05-25 12:15 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തമിഴ്‌നാട് സന്ദർശിക്കാനിരിക്കെ സമൂഹമാധ്യമങ്ങളിൽ ട്രെൻഡായി 'ഗോബാക്ക് മോദി'. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങൾക്കായാണ് മോദി നാളെ തമിഴ്‌നാട്ടിലെത്തുന്നത്. ഇതിനിടയിലാണ് സന്ദർശനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രോഷമുയരുന്നത്.

GoBackModi എന്ന ഹാഷ്ടാഗിൽ ഇതിനകം തന്നെ 20,000ത്തോളം ട്വീറ്റുകളാണ് വന്നിട്ടുള്ളത്. മോദി ജനാധിപത്യത്തെയും ഭരണഘടനയെയും തകർക്കുകയാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം. വികസന പദ്ധതികൾക്കായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഫണ്ട് വാരിക്കോരി നൽകുമ്പോൾ തമിഴ്‌നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്നും നിരവധി പേർ ചൂണ്ടിക്കാട്ടുന്നു.

ഡി.എം.കെ, കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രധാനമായും പ്രതിഷേധമുയരുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ മോദിയുടെ തമിഴ്‌നാട് സന്ദർശനത്തിനിടെയും വൻ തോതിൽ പ്രതിഷേധമുയർന്നിരുന്നു. സമൂഹമാധ്യമങ്ങൾക്കു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു. ഗോ ബാക്ക് മോദി എന്ന കുറിപ്പോടെയുള്ള കറുത്ത ബലൂൺ പറത്തി നടന്ന പ്രതിഷേധം വൻ മാധ്യമശ്രദ്ധ നേടിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് വിടുതലൈ ചിരുതൈഗൾ കച്ചി(വി.സി.കെ) നേതാവും ലോക്‌സഭാ എം.പിയുമായ തോൾ തിരുമാവളവൻ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് സാമുദായിക സ്പർധയ്ക്കും സാമ്പത്തിക പ്രശ്‌നങ്ങൾക്കുമിടയാക്കിയ കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ചാണ് മാർച്ചെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. ഇടതു പാർട്ടികളും മാർച്ചിൽ പങ്കെടുക്കുമെന്ന് തിരുമാവളവൻ അറിയിച്ചു.

നാളെ ഹൈദരാബാദ് വഴിയാണ് പ്രധാനമന്ത്രി ചെന്നൈയിലെത്തുന്നത്. തമിഴ്‌നാട്ടിൽ എം.കെ സ്റ്റാലിൻ അധികാരമേറ്റ ശേഷം മോദിയുടെ ആദ്യ സന്ദർശനമാണിത്. 31,400 കോടി രൂപയുടെ 11 വികസന പദ്ധതികളുടെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിക്കും. സന്ദർശനത്തിന്റെ ഭാഗമായി ചെന്നൈയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Summary: 'Go back Modi' hashtag trending on Twitter ahead of the Prime Minister's Tamil Nadu visit 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News