'അംബേദ്കറുടെ പേരു പറയാന്‍ പറ്റില്ലെങ്കില്‍ കശ്മീരിലേക്ക് പോകൂ': തമിഴ്നാട് ഗവര്‍ണറോട് ഡി.എം.കെ നേതാവ്
നയപ്രഖ്യാപന പ്രസംഗത്തിൽ അംബേദ്കറിനെയും പെരിയാറിനെയും പരാമർശിക്കുന്ന ഭാഗം വായിക്കാൻ ഗവർണർ തയ്യാറാവാത്തതാണ് പ്രകോപനത്തിന് കാരണം
ചെന്നൈ: തമിഴ്നാട്ടില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആര്‍.എന്‍ രവിയോട് കശ്മീരിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് ഡി.എം.കെ നേതാവ് ശിവാജി കൃഷ്ണമൂര്‍ത്തി. നയപ്രഖ്യാപന പ്രസംഗത്തില്‍ ബി.ആര്‍ അംബേദ്കറിനെയും പെരിയാറിനെയും പരാമര്‍ശിക്കുന്ന ഭാഗം വായിക്കാന്‍ ഗവര്‍ണര്‍ തയ്യാറാവാത്തതാണ് കാരണം. സര്‍ക്കാരിന്‍റെ പ്രസംഗം വായിക്കാന്‍ തയ്യാറല്ലെങ്കില്‍ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടാൻ കശ്മീരിലേക്ക് പോകണമെന്നാണ് ഡി.എം.കെ നേതാവ് തമിഴ്നാട് ഗവര്‍ണറോട് ആവശ്യപ്പെട്ടത്.
"ഇന്ത്യയുടെ ഭരണഘടനാശില്‍പ്പിയായ അംബേദ്കറിന്റെ പേര് പറയാൻ തമിഴ്‌നാട്ടിൽ ഈ മനുഷ്യൻ വിസമ്മതിച്ചാൽ, ചെരിപ്പുകൊണ്ട് അടിക്കാൻ എനിക്ക് അവകാശമുണ്ടോ ഇല്ലയോ? നിങ്ങൾ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തതല്ലേ? അദ്ദേഹത്തിന്റെ പേര് പറയാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങൾ കശ്മീരിലേക്ക് പോകൂ. ഞങ്ങൾ തന്നെ തീവ്രവാദിയെ അയക്കാം. വെടിവെച്ച് കൊല്ലട്ടെ"- എന്നാണ് ശിവാജി കൃഷ്ണമൂര്‍ത്തി പറഞ്ഞത്.
വിദ്വേഷ പരാമര്‍ശം നടത്തിയ ഡി.എം.കെ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി തമിഴ്നാട് വൈസ് പ്രസിഡന്‍റ് നാരായണ്‍ ത്രിപാഠി ആവശ്യപ്പെട്ടു. ഗവർണറെ കൊല്ലാൻ തീവ്രവാദികളെ അയക്കുമെന്ന് പറഞ്ഞ നേതാവിനെതിരെ എന്‍.ഐ.എ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. എം.കെ സ്റ്റാലിന് കീഴില്‍ ഇത് പുതിയ സംസ്കാരമാണെന്ന് ബി.ജെ.പി നേതാവ് ഖുശ്ബു കുറ്റപ്പെടുത്തി. അതേസമയം ശിവാജി കൃഷ്ണമൂര്‍ത്തിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് ഡി.എംകെ അകലം പാലിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരെ എപ്പോഴും ഡി.എം.കെ നേതാക്കള്‍ അധിക്ഷേപിക്കുകയാണെന്ന് ബി.ജെ.പിയുടെ തമിഴ്നാട്ടിലെ അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു. പൊലീസിന്‍റെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണ്. പൊലീസ് സ്റ്റേഷനുകളെ ഡി.എം.കെയുടെ പ്രാദേശിക നേതാക്കള്‍ അവരുടെ ഓഫീസുകളാക്കി മാറ്റിയെന്നും അണ്ണാമലൈ ആരോപിച്ചു.
Summary- Amid an ongoing row between DMK and the state Governor, over him skipping a few parts of the state government's approved speech, a worker of the ruling DMK has publicly used expletives for Governor RN Ravi and issued a direct threat