ഗോവയില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്: വിമത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ നോട്ടീസ് നല്‍കി
11 എം.എല്‍.എമാരില്‍ രണ്ടു പേരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്
പനാജി: ഗോവയിൽ വിമതരെ അയോഗ്യരാക്കാൻ കോൺഗ്രസ് സ്പീക്കര്‍ക്ക് നോട്ടീസ് നൽകി. ദിഗംബർ കാമത്തിനെയും മൈക്കിൾ ലോബോയെയും അയോഗ്യരാക്കാനാണ് നോട്ടീസ് നൽകിയത്. ഭാവി നീക്കങ്ങൾ തീരുമാനിക്കാൻ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകീട്ട് ചേരും. യോഗത്തിൽ പങ്കെടുക്കാൻ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഗോവയിൽ എത്തി.
തങ്ങളുടെ 11 എം.എല്‍.എമാരില്‍ രണ്ടു പേരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. മൈക്കിൾ ലോബോ പ്രതിപക്ഷ നേതാവാണ്. ദിഗംബർ കാമത്താകട്ടെ മുന്‍ മുഖ്യമന്ത്രിയും. നേരത്തെ മൈക്കിൾ ലോബോയെ പ്രതിപക്ഷ കക്ഷി നേതൃസ്ഥാനത്ത് നിന്ന് നീക്കം ചെയ്തുകൊണ്ടുള്ള കത്ത് കോൺഗ്രസ് സ്പീക്കർക്ക് നൽകിയിരുന്നു.
കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ മൂന്ന് എം.എല്‍.എമാര്‍ പങ്കെടുത്തിരുന്നില്ല. ഇതോടെ ഇവര്‍ കോണ്‍ഗ്രസ് വിടുകയാണെന്നും ബി.ജെ.പിയില്‍ ചേരുമെന്നുമുള്ള അഭ്യൂഹം പ്രചരിച്ചു. വർഷകാല സമ്മേളനത്തിനായി ഇന്ന് ഗോവൻ നിയമ സഭ ചേർന്നപ്പോൾ കോൺഗ്രസ് പക്ഷത്ത് നിന്നും ദിഗംബർ കാമത്ത് എംഎൽഎ മാത്രമാണ് സഭയിൽ ഉണ്ടായിരുന്നത്.
കൂറുമാറ്റം ഭയന്ന് അഞ്ച് എംഎൽഎമാരെ കോൺഗ്രസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആൾട്ടോൺ ഡികോസ്റ്റ, സങ്കൽപ് അമോങ്കർ, യൂറി അലെമാവോ, കാർലോസ് അൽവാറസ് ഫെരേര, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരെ ആണ് പാർട്ടി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. വിമത നീക്കത്തിന് നേതൃത്വം നൽകിയ മൈക്കിൾ ലോബോയ്ക്കും ദിഗംബർ കാമത്തിനും എതിരെ കടുത്ത നടപടിയെടുക്കാനും കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
ലോബോയ്ക്ക് പകരം പുതിയ കക്ഷി നേതാവിനെ തെരഞ്ഞെടുത്ത ശേഷമായിരിക്കും മറ്റ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സഭയിൽ എത്തുക. നിയമസഭാ മന്ദിരത്തിൽ എത്തിയ മൈക്കിൾ ലോബോ താൻ പാർട്ടി വിടില്ലെന്ന് പ്രഖ്യാപിച്ച ശേഷം കേദാർ നായിക്, രാജേഷ് ഫൽദേസായ്, ഡെലിയാല ലോബോ എന്നീ എം.എൽ.എമാർക്കൊപ്പം സഭയിൽ പങ്കെടുക്കാതെ മാറിനിന്നു. മൂന്നില്‍ രണ്ട് എം.എല്‍.എമാരെ കൂടെ നിര്‍ത്താന്‍ കഴിയാതിരുന്നതോടെയാണ് വിമതനീക്കം പരാജയപ്പെട്ടത്.