ആട് ഹാൾടിക്കറ്റ് തിന്നു; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർഥിനി
ഹാൾടിക്കറ്റ് ആട് തിന്നെന്ന് പ്രധാനാധ്യാപകന് കത്തെഴുതി വിദ്യാർഥിനി വീടുവിട്ടിറങ്ങുകയായിരുന്നു
പരിക്ഷക്കായുള്ള ഹാൾടിക്കറ്റ് ആട് തിന്നതോടെ ജീവനൊടുക്കാൻ ശ്രമിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിനി. കർണാടകയിലെ ബിദർ ജില്ലയിലാണ് സംഭവം. പരീക്ഷ നടക്കാനിരിക്കെ വിദ്യാർഥിനി ഹാൾടിക്കറ്റ് എടുത്തുവച്ചിരുന്നു. എന്നാൽ വീട്ടിലെ ആട് ഹാൾടിക്കറ്റ് തിന്നുകയായിരുന്നു. തന്റെ ഹാൾടിക്കറ്റ് ആട് തിന്നെന്ന് മനസിലാക്കിയ വിദ്യാർഥിനി തനിക്ക് പരീക്ഷ എഴുതാനാവില്ലെന്ന ഭയത്താൽ ജീവനൊടുക്കാൻ തീരുമാനിച്ചു. തുടർന്ന് തിങ്കളാഴ്ച തന്റെ അനിയന് സ്‌കൂളിലെ പ്രധാനാധ്യാപകന് കൊടുക്കാൻ എന്ന പേരിൽ കത്ത് നൽകി വിദ്യാർഥിനി വീടുവിട്ടിറങ്ങുകയായിരുന്നു.
തന്റെ ഹാൾടിക്കറ്റ് ആട് തിന്നെന്നും പരീക്ഷയെഴുതാൻ സാധിക്കാത്തതിനാൽ താൻ ജീവനൊടുക്കാൻ പോവുകയുമാണെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. കത്ത് വായിച്ച വീട്ടുകാർ വിദ്യാർഥിനിയെ തിരഞ്ഞ് ഇറങ്ങി. ഏറെനേരത്തെ തിരച്ചിലിനൊടുവിൽ വിദ്യാർഥിനിയെ സമീപത്തെ കിണറ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു. അവശയായ കുട്ടിയ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ സ്‌കൂൾ അധികൃതർ കുട്ടിയെ പരീക്ഷയെഴുതാൻ അനുവദിക്കാമെന്ന് അറിയിച്ചു.