ലക്ഷ്മീദേവി താമരയിലാണ് വരുന്നത്, സൈക്കിളിലോ ആനപ്പുറത്തോ അല്ല, എസ്.പിയെയും ബി.എസ്.പിയെയും കടന്നാക്രമിച്ച് രാജ്‌നാഥ് സിങ്
'ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ബി.ജെ.പിക്ക്'
സമാജ് വാദി പാർട്ടിയെയും(എസ്.പി) , ബഹുജൻ സമാജ് പാർട്ടിയെയും(ബി.എസ്.പി) കടന്നാക്രമിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിനോട് മുന്നോടിയായി ലഖ്നൗവിലെ സരോജിനി നഗറിൽ നടന്ന പൊതുറാലിയിലാണ് ഇരുപാർട്ടികളെയും രാജ്‌നാഥ് സിങ് പരിഹസിച്ചത്.
ലക്ഷ്മി ദേവി എപ്പോഴും താമരയിലാണ് എത്തുന്നത്, ദേവി സൈക്കിളിൽ വരുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ. ഇനി അതല്ല, പ്പുറത്തിരിക്കുകയോ കൈ വീശുകയോ ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഉത്തർപ്രദേശിൽ താമര വിരിഞ്ഞാൽ മാത്രമേ അഭിവൃദ്ധിയും വളർച്ചയും ഉണ്ടാകൂ എന്ന് വളരെ വ്യക്തമാണ്,' സിങ് പറഞ്ഞു. തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളായ സമാജ്‍വാദി പാർട്ടിക്കുംതിരഞ്ഞെടുപ്പ് ചിഹ്നമായ ആനയായ ബഹുജൻ സമാജ് പാർട്ടിക്കും എതിരെയുള്ള മറപിടിച്ച ആക്രമണമായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം താമരയാണ്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തിലും രാജ്‌നാഥ് സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഉത്തർപ്രദേശിൽ ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 10, 14 തീയതികളിലാണ് നടന്നത്. മൂന്നാം ഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പ് 20 ന് നടക്കും. ബാക്കിയുള്ള തെരഞ്ഞെടുപ്പുകൾ 23, 27, മാർച്ച് മൂന്ന്, ഏഴ് തീയതികളിലും നടക്കും. വോട്ടെണ്ണൽ മാർച്ച് 10 നാണ് നടക്കുന്നത്.