കുത്തിയൊലിച്ചെത്തിയ മഴവെള്ളത്തിൽ രണ്ട് കോടിയോളം രൂപയുടെ സ്വർണം ഒലിച്ചുപോയതായി പരാതി

ബംഗളൂരു നഗരത്തിലെ ജ്വല്ലറിയിലാണ് കനത്ത നാശനഷ്ടമുണ്ടായത്‌

Update: 2023-05-23 08:06 GMT
Advertising

ബംഗളൂരു: ഞായറാഴ്ച അപ്രതീക്ഷിതമായി ഉണ്ടായ മഴയിൽ ബംഗളൂരുവിൽ വൻ നാശനഷ്ടം. മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജ്വല്ലറിയിൽ വെള്ളം കയറി രണ്ട് കോടിയോളം രൂപയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയി. ജ്വല്ലറിയിലെ 80 ശതമാനത്തോളം ആഭരണങ്ങളും ഫർണിച്ചർ അടക്കമുള്ള മറ്റു സാധനങ്ങളും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.

കുതിച്ചെത്തിയ വെള്ളപ്പാച്ചിലിന്റെ ശക്തിയിൽ ഷട്ടർ അടക്കാൻ പോലും ജീവനക്കാർക്ക് കഴിഞ്ഞില്ല. നിമിഷവേഗത്തിൽ കടയിൽ വെള്ളവും മാലിന്യവും നിറഞ്ഞു. വെള്ളത്തിന്റെ ശക്തിയിൽ ഷോറൂമിന്റെ പിറകുവശത്തെ വാതിൽ തുറന്നതോടെയാണ് ആഭരണങ്ങൾ നഷ്ടമായത്. ശനിയാഴ്ച ഒന്നാം വാർഷികം ആഘോഷിക്കാനായി വൻതോതിൽ സ്വർണം ശേഖരിച്ചിരുന്നു. ഇതാണ് ഒലിച്ചുപോയത്.

അടുത്തിടെ പ്രദേശത്ത് അഴുക്കുചാലുകളുടെ നിർമാണം നടന്നിരുന്നു. ഇതിലെ അശാസ്ത്രീയതയാണ് കടയിൽ വെള്ളം കയറാൻ കാരണമെന്ന് ഉടമയായ പ്രിയ പറഞ്ഞു. സഹായത്തിനായി കോർപ്പറേഷൻ അധികൃതരെ വിളിച്ചെങ്കിലും ആരും എത്തിയില്ലെന്നും അവർ പറഞ്ഞു.

സംസ്ഥനത്ത് ശക്തമായി തുടരുന്ന വേനൽമഴയിൽ ഏഴുപേർ മരിച്ചു. ബംഗളൂരുവിൽ മാത്രം രണ്ടുപേർ മരിച്ചു. മഴക്കാലമുന്നൊരുക്കത്തിന്റെ ഭാഗമായി അടഞ്ഞുകിടക്കുന്ന ഓടകൾ വൃത്തിയാക്കുന്ന ജോലി നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത മഴയെത്തിയത്. കെ.ആർ സർക്കിൾ അടിപ്പാതയിൽ കാർ മുങ്ങി ഇൻഫോസിസ് ജീവനക്കാരിയായ വിജയവാഡ് സ്വദേശിനി ഭാനി രേഖ (22) മരിച്ചു. ഞായറാഴ്ച വൈകീട്ട് വെള്ളക്കെട്ടിൽ ഒലിച്ചുപോയ ലോകേഷ് (31)ന്റെ മൃതദേഹം ബംഗളൂരു ബൈട്രരായനപുരയിലെ മഴവെള്ളപ്പാച്ചിലിൽനിന്നാണ് കണ്ടെത്തിയത്.

കെ.പി അഗ്രഹാരയിലെ വീടിനുള്ളിലേക്ക് വെള്ളം കയറുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ലോകേഷ് ഒഴുക്കിൽപ്പെട്ടത്. ഹുൻസൂർ സ്വദേശികളായ ഹരീഷ് (42), സ്വാമി (18), പെരിയപട്ടണയിലെ ലോകേഷ് (55), കൊപ്പാൾ സ്വദേശി ശ്രീകാന്ത് മേട്ടി (16) എന്നിവർ പൊള്ളലേറ്റു മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ചിക്കമഗളൂരുവിൽ മരമൊടിഞ്ഞു വീണ് സ്‌കൂട്ടർ യാത്രികനായ വേണുഗോപാൽ (58) മരിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News