ഐ.എ.എസ് കോച്ചിങ് സെന്റർ അപകട മരണം: അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ
30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം.
ന്യൂഡൽഹി: ഡൽഹി രജീന്ദർ നഗറിലെ സിവിൽ സർവീസ് കോച്ചിങ് സെന്ററായ റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിളിൽ ഉണ്ടായ വെള്ളക്കെട്ടിൽ വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയത്.
അപകടത്തെക്കുറിച്ച് അന്വേഷണം നടത്താനും ഉത്തരവാദികൾ ആരെന്ന് കണ്ടെത്താനും നടപടികൾ നിർദേശിക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നയപരമായ മാറ്റങ്ങൾ ശിപാർശ ചെയ്യാനുമാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എക്സിലൂടെ അറിയിച്ചു.
ഭവനനിർമാണ- നഗരകാര്യ വകുപ്പ് മന്ത്രാലയം അഡീഷണൽ സെക്രട്ടറി, ഡൽഹി ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡൽഹി പൊലീസ് സ്പെഷ്യൽ കമ്മീഷണർ, ഫയർ അഡ്വൈസർ, ജോയിന്റ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം.
സംഭവത്തിൽ അഞ്ച് പേര്‍ കൂടി അറസ്റ്റിലായിരുന്നു. സ്ഥാപനത്തിന്റെ സഹ കോഡിനേറ്റർമാരായ തേജീന്ദർ സിങ്, പർവീന്ദർ സിങ്, ഹർവീന്ദർ സിങ്, സരബ്ജീത് സിങ് എന്നിവരെയും കോച്ചിങ് സെന്ററിനു മുന്നിലൂടെയുള്ള വെള്ളക്കെട്ടിലൂടെ കാറോടിച്ച് ഗേറ്റുൾപ്പെടെ തകരാനും അപകടതോത് ഉയരാനും കാരണമായെന്ന് ചൂണ്ടിക്കാട്ടി എസ്.യു.വി ഡ്രൈവർ മനുജ് കതുരിയ എന്നായാളെയുമാണ് ഒടുവിൽ അറസ്റ്റ് ചെയ്തത്. ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
നേരത്തെ, കോച്ചിങ് സെന്റർ ഉടമ അഭിഷേക് ഗുപ്തയെയും കോഡിനേറ്റർ ദേശ്പാൽ സിങ്ങിനെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ശനിയാഴ്ച വൈകുന്നേരമാണ് കോച്ചിങ് സെന്ററിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറി മലയാളി വിദ്യാർഥിയടക്കം മൂന്ന് സിവിൽ സർവീസ് ഉദ്യോഗാർഥികൾ മരിച്ചത്.
എറണാകുളം അങ്കമാലി സ്വദേശിയായ നെവിൻ ഡാൽവിൻ (28) ആണ് മരിച്ച മലയാളി. യു.പി അംബേദ്കർ നഗർ സ്വദേശിനി ശ്രേയ യാദവ് (25), തെലങ്കാന സ്വദേശി തനിയ സോണി (25) എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർഥികൾ. കെട്ടിടത്തിൽ കുടുങ്ങിയ 14 പേരെ രക്ഷപ്പെടുത്തി.
അഴുക്കുചാൽ തകർന്നതോടെ വെള്ളം കോച്ചിങ് സെന്ററിലെ ബേസ്മെന്റില്‍ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലേക്ക് ഇരച്ചു കയറുകയായിരുന്നു. ലൈബ്രറിയുടേത് ബയോമെട്രിക് വാതിലുകൾ ആയിരുന്നതിനാൽ ഇത് തുറക്കാൻ ആദ്യ ഘട്ടത്തിൽ സാധിച്ചില്ല. ഇതോടെ വിദ്യാർഥികൾ ഇവിടെ കുടുങ്ങുകയായിരുന്നു. പിന്നീട് അഗ്നിശമനസേനയെത്തി വെള്ളം വറ്റിച്ചാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. കോച്ചിങ് സെന്റർ ചട്ടങ്ങൾ ലംഘിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന് ഡൽഹി കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.