പക്ഷപാതവും കൃത്യതയില്ലായ്മയും; വിക്കിപീഡിയക്ക് നോട്ടീസയച്ച് കേന്ദ്രം

വിക്കിപീഡിയയുടെ ഓപ്പൺ എഡിറ്റിങ് ഫീച്ചർ അപകടകരമാണെന്ന് ഡൽഹി ഹൈക്കോടതി സെപ്റ്റംബറിൽ വിശേഷിപ്പിച്ചിരുന്നു

Update: 2024-11-06 06:08 GMT
Advertising

ന്യൂഡൽഹി: ഓൺലൈൻ വിജ്ഞാനകോശമായ വിക്കപീഡിയക്കെതിരെ വീണ്ടും കേന്ദ്രസർക്കാർ. സൈറ്റിലെ പക്ഷപാതവും കൃത്യതയില്ലായ്മയും ചൂണ്ടിക്കാട്ടി കേന്ദ്രം വിക്കിപീഡിയക്ക് നോട്ടിസയച്ചു. വിക്കിപീഡിയയെ പ്രസാധകർ എന്ന രീതിയിൽ പരിഗണിക്കുന്നതും നോട്ടീസിൽ ചോദ്യം ചെയ്യുന്നു. വിക്കിപീഡിയയിലെ എഡിറ്റോറിയല്‍ വിഭാഗം നിയന്ത്രിക്കുന്നത് ഒരു ചെറിയ വിഭാഗമാണെന്നും നോട്ടീസില്‍ പറയുന്നു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചത്.

പൂർണമായും സൗജന്യമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമാണ് വിക്കിപീഡിയ. വിക്കിപീഡിയൻസ് എന്നറിയപ്പെടുന്ന വളണ്ടിയർമാരാണ് വിക്കിപീഡിയിയിലെ ഉള്ളടക്കങ്ങൾ തയാറാക്കുന്നത്. എന്നാൽ ഇന്ത്യയിൽ സൈറ്റിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. കൃത്യമല്ലാത്തതും അപകീർത്തികരവുമായ ഉള്ളടക്കം നൽകിയെന്ന ആരോപണത്തിൽ പ്ലാറ്റ്ഫോം ഇന്ത്യയിൽ നിയമക്കുരുക്കിലാണ്.

വിക്കിപീഡിയയുടെ ഓപ്പൺ എഡിറ്റിംഗ് ഫീച്ചർ അപകടകരമാണെന്ന് ഡൽഹി ഹൈക്കോടതി സെപ്റ്റംബറിൽ വിശേഷിപ്പിച്ചിരുന്നു. പ്ലാറ്റ്‌ഫോമിനെതിരെ വാർത്താ ഏജൻസിയായ എഎൻഐ നൽകിയ മാനനഷ്ടക്കേസ് പരിഗണിച്ചായിരുന്നു പരാമർശം. മോദി സർക്കാരിന്റെ പ്രോപഗണ്ടാ ആയുധമായി പ്രവർത്തിക്കുന്നുവെന്നതുൾപ്പെടെയുള്ള വിവരങ്ങൾ എഡിറ്റ് ചെയ്തു ചേർത്തുവെന്നാണ് വാർത്താ ഏജൻസി പരാതിയിൽ ചൂണ്ടിക്കാട്ടിയത്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും മുസ്‌ലിംകൾക്കെതിരെ തെറ്റായ വാർത്തകൾ നൽകുന്നുവെന്നതുൾപ്പെടെയുള്ള ആരോപണങ്ങളും ഏജൻസിക്കെതിരെ ഉണ്ടായിരുന്നു. ആർക്കും വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്യാൻ കഴിയുമെന്നതിൽ ജഡ്ജിമാർ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അപകടസാധ്യതകളും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കോടതിയുടെ ആശങ്കകൾക്ക് വിക്കിപീഡിയ മറുപടി നൽകിയിരുന്നു. ഉപയോക്താക്കൾ നിയമപരമായ മാർ​ഗനിർദേശങ്ങൾ പാലിക്കണമെന്നായിരുന്നു മറുപടി. ഉപയോക്തൃ സംഭാവനകളെ നിയന്ത്രിക്കാൻ നയങ്ങളുണ്ടെന്നും പ്ലാറ്റ്‌ഫോം എടുത്തുകാണിച്ചു.

തങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമായി നടക്കാൻ ആളുകളിൽ നിന്ന് വിക്കിപീഡിയ സംഭാവന തേടാറുണ്ട്. 2001 ജനുവരി 15ന് ജിമ്മി വെയിൽസ്, ലാറി സാങർ എന്നിവരാണ് വിക്കിപീഡിയ സ്ഥാപിച്ചത്. വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്.

ഇംഗ്ലീഷും മലയാളവും ഉൾപ്പെടെ 300ലധികം ഭാഷകളിൽ വിക്കിപീഡിയ ഉള്ളടക്കങ്ങൾ ല​ഭ്യമാണ്. ഇംഗ്ലീഷ് വിക്കിപീഡിയയയിൽ മാത്രം 69 ലക്ഷത്തിലധികം ലേഖനങ്ങളുണ്ട്. വിക്കിപീഡിയയുടെ എല്ലാ എഡിഷനുകളിലുമായി ആറ് കോടിയിലധികം ലേഖനങ്ങളാണുള്ളത്. ഇംഗ്ലീഷ് പതിപ്പ് മാത്രമാണ് ആദ്യമുണ്ടായിരുന്നത്. വിക്കി, എൻസൈക്ലോപീഡിയ എന്നീ രണ്ട് വാക്കുകൾ ചേർത്താണ് വിക്കിപീഡിയ എന്ന വാക്കുണ്ടാവുന്നത്.

നേരത്തെ എക്സ് മേധാവി ഇലോൺ മസ്കും വിക്കിപീഡിയക്കെതിരെ രം​ഗത്തെത്തിയിരുന്നു. 'വിക്കിപീഡിയ നിയന്ത്രിക്കുന്നത് തീവ്ര ഇടതുപക്ഷ പ്രവർത്തകരാണ്. ആളുകൾ അവർക്ക് സംഭാവന നൽകുന്നത് നിർത്തണം' എന്നായിരുന്നു മസ്ക് പറഞ്ഞത്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News