'ഗവർണറെ ജനപ്രതിനിധികൾ തെരഞ്ഞെടുക്കണം'; രാജ്യസഭയിൽ സ്വകാര്യ ബില്ലുമായി സിപിഎം എംപി

സിപിഎം അംഗം ഡോ.ശിവദാസനാണ് ബില്ല് അവതരിപ്പിച്ചത്

Update: 2022-04-01 10:47 GMT
Advertising

ന്യൂഡൽഹി: കേന്ദ്രസർക്കാർ നിർദേശിച്ച് രാഷ്ട്രപതി നിയമിക്കുന്നതിന് പകരം ഗവർണറെ ജനപ്രതിനിധികൾ തെരഞ്ഞെടുക്കണമെന്ന സ്വകാര്യ ബില്ല് രാജ്യസഭയിൽ. സിപിഎം അംഗം ഡോ. ശിവദാസനാണ് ബില്ല് അവതരിപ്പിച്ചത്. ഭരണഘടനാ ഭേദഗതി കൂടി ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. ഭരണഘടനയുടെ 153,,155,156 എന്നീ അനുഛേദങ്ങളിലെ ഭേദഗതിയാണ് അദ്ദേഹം നിർദേശിച്ചിരിക്കുന്നത്. മൂന്നു കാര്യങ്ങളാണ് ബില്ലിൽ പ്രധാനമായും പറഞ്ഞിരിക്കുന്നത്. ജനാധിപത്യത്തിന്റെ അന്തസത്ത ഉയർത്തിപിടിക്കുന്നതിന് നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട മേധാവിയാകണം സംസ്ഥാന ഭരണത്തെ നയിക്കുന്നത്, ഇപ്പോഴുള്ള എക്‌സിക്യൂട്ടീവ് ക്രമത്തിലൂടെയാകരുത് ഗവർണർ നിയമനം നടക്കുന്നത്, ജനപ്രതിനിധികൾ ഗവർണറെ തെരഞ്ഞെടുത്താൽ ജനാധിപത്യത്തിന്റെ പ്രതിഫലനം ഉണ്ടാകും എന്നീ കാര്യങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സാധാരണ ഗതിയിൽ സ്വകാര്യ ബില്ലുകൾ പാസാകാറില്ല. വോട്ടിനിട്ട് തള്ളുകയാണ് ഭരണപക്ഷം ചെയ്യാറുള്ളത്.

ഗവർണർ പദവി മുകളിൽ നിന്നും കെട്ടിയിറക്കപ്പെട്ട പദവിയായാണ് ജനങ്ങൾക്ക് അനുഭവപ്പെടുന്നതെന്നും സംസ്ഥാനങ്ങൾക്ക് ഗവർണർമാരെ തെരഞ്ഞെടുക്കാൻ കഴിയണമെന്നും ഡോ. ശിവദാസൻ എംപി പിന്നീട പറഞ്ഞു. സിപിഎം നിലപാടാണ് സ്വകാര്യ ബില്ലിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കഴിഞ്ഞ ഭരണകാലയളവിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാനത്തെ ഇടതുസർക്കാറും തമ്മിൽ പലവട്ടം ഏറ്റുമുട്ടലുകളുണ്ടായിരുന്നു. ബിജെപി ഇതര സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇത്തരം ഏറ്റുമുട്ടലുകൾ ഉണ്ടാകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ബിൽ ശ്രദ്ധേയമാണ്.


'Governor should be elected by the people's representatives'; CPM MP with private member's bill in Rajya Sabha

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News