ഉപഗ്രഹ പദ്ധതിക്ക് പുനീത് രാജ്കുമാറിന്‍റെ പേര്; പ്രിയനടന് ആദരവുമായി കർണാടകയിലെ വിദ്യാർഥികൾ

സംസ്ഥാനത്തെ 20 സർക്കാർ സ്‌കൂളുകളിൽ നിന്നുള്ള നൂറോളം വിദ്യാർഥികളാണ് ഉപഗ്രഹ വിക്ഷേപണ പദ്ധതിയുടെ ഭാഗമാകുന്നത്

Update: 2022-03-02 09:13 GMT
Advertising

കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്ന ഉപഗ്രഹത്തിന് നടന്‍ പുനീത് രാജ്കുമാറിന്റെ പേര് നല്‍കാന്‍ തീരുമാനം. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 75 കൃത്രിമോപഗ്രഹങ്ങളാണ് വിക്ഷേപിക്കുക. സെപ്തംബറിൽ വിക്ഷേപിക്കാനൊരുങ്ങുന്ന ഉപഗ്രഹത്തിനാണ് പുനീതിന്റെ പേര് നല്‍കിയിരിക്കുന്നത്. 

1.90 കോടി രൂപ ചെലവിട്ടാണ് 1.5 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം നിര്‍മിക്കുന്നത്. സംസ്ഥാനത്തെ 20 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ഥികളാണ് ഉപഗ്രഹ വിക്ഷേപണ പദ്ധതിയുടെ ഭാഗമാകുക. മത്സര പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷമാണ് പദ്ധതിയുടെ ഭാഗമാവാന്‍ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്. 

ഉപഗ്രഹ പദ്ധതിക്ക് 'പുനീത് രാജ്കുമാര്‍ സ്റ്റുഡന്റ് സാറ്റലൈറ്റ് പ്രൊജക്ട്' എന്ന് പേരു നല്‍കുന്നതായി ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി സി.എന്‍. അശ്വത് നാരായണന്‍ പ്രഖ്യാപിച്ചു. ദേശീയ ശാസ്ത്ര ദിനത്തില്‍ ബംഗളുരു മല്ലേശ്വരം സര്‍ക്കാര്‍ പി.യു കോളജില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. മല്ലേശ്വരം കോളേജ് പരിസരത്ത് തന്നെയാവും ഉപഗ്രഹ പദ്ധതിയുടെ ഗ്രൗണ്ട് സ്റ്റേഷന്‍ നിര്‍മിക്കുക.

കന്നഡയിലെ 'പവർസ്റ്റാർ' എന്നറിയപ്പെട്ടിരുന്ന പുനീത് രാജ്കുമാർ കഴിഞ്ഞ ഒക്ടോബറിലാണ് ഹൃദയാഘാതം മൂലം മരിച്ചത്. താരത്തോടുള്ള ആദരവ് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കുന്നത് ഇതാദ്യമായല്ല. കര്‍ണാടകയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കര്‍ണാടക രത്‌ന പുരസ്‌കാരം മരണാനന്തര ബഹുമതിയായി പുനീതിന് സമ്മാനിച്ചിരുന്നു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News