വരന്റെ നിറം എണ്ണക്കറുപ്പ്; മാലയിട്ട ശേഷം വിവാഹത്തിൽ നിന്ന് പിന്മാറി വധു
വരന് തന്നെക്കാള്‍ വയസുണ്ടെന്നും തന്നെ പറ്റിച്ചതാണെന്നും വധു ആരോപിച്ചു
ഇറ്റാവ: പലകാരണങ്ങളാൽ വിവാഹം പാതിവഴിയിൽ നിന്നുപോകുന്ന നിരവധി സംഭവങ്ങൾ നാം എത്രയോ വായിച്ചിട്ടുണ്ട്. മണ്ഡപം വരെയെത്തിയ ശേഷമാണ് ഇതിൽ പലതും നിന്നുപോയത്. അത്തരമൊരു സമാനമായ സംഭവമാണ് ഉത്തർപ്രദേശിലെ ഇറ്റാവയിലും നടന്നത്. വരന് നിറം പോരെന്ന് താൻ മുമ്പ് കണ്ടയാളല്ല ഇതെന്നും പറഞ്ഞാണ് വധു വിവാഹവേദിയിൽ നിന്ന് ഇറങ്ങിപ്പോയത്. രവി യാദവ്, നീത യാദവ് എന്നിവരുടെ വിവാഹമാണ് കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്നത്.
മാലകൾ പരസ്പരം കൈമാറി അഗ്നിക്ക് ചുറ്റും വലവെക്കാൻ തുടങ്ങിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആചാരപ്രകാരം ഏഴുതവണയാണ് അഗ്നിക്ക് ചുറ്റും വലം വെക്കേണ്ടത്. എന്നാൽ രണ്ടുതവണ വലം വെച്ചതിന് ശേഷമാണ് വധു വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്.
തന്നെ വേറെ ആരുടെയോ ഫോട്ടോ കാണിച്ചാണ് വിവാഹത്തിന് സമ്മതിപ്പിച്ചതെന്നാണ് യുവതി പറയുന്നത്. വരന് തന്നെക്കാള്‍ വയസുണ്ടെന്നും എണ്ണക്കറുപ്പാണെന്നും വധു ആരോപിച്ചു. വധുവിനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജപ്പെടുകയായിരുന്നു. ഏകദേശം ആറുമണിക്കൂറോളം വധുവിനെ അനുനയിപ്പിക്കാൻ ശ്രമം നടന്നു. ഒടുവിൽ വരനും വിവാഹവേദി വിടുകയായിരുന്നു. അതസമയം, വധുവിന് സമ്മാനമായി നൽകിയ ലക്ഷക്കണത്തിന് രൂപയുടെ ആഭരണങ്ങൾ തങ്ങൾക്ക് തിരികെ ലഭിച്ചില്ലെന്ന് ആരോപിച്ച് വരന്റെ പിതാവ് പൊലീസിന് പരാതി നൽകിയതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
ഈ സംഭവം തന്റെ ജീവിതത്തെയാകെ പ്രതിസന്ധിയിലാക്കിയതായി വരനായ രവി യാദവ് പ്രതികരിച്ചു. വധുവും കുടുംബവും പറയുന്ന ആരോപണവും ഇയാൾ തള്ളിക്കളഞ്ഞു. പെൺകുട്ടിയും കുടുംബവും തന്നെ നിരവധി തവണ കണ്ടിട്ടുണ്ടെന്നും എന്നിട്ടും എന്തുകൊണ്ടാണ് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്ന് അറിയില്ലെന്നും ഇയാൾ പറഞ്ഞു.