143 ഉല്‍പ്പന്നങ്ങളുടെ നികുതി കുത്തനെ കൂട്ടാനൊരുങ്ങി കേന്ദ്രം; സംസ്ഥാനങ്ങളോട് അഭിപ്രായം തേടി
വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങളോടുള്ള കടുത്ത ചതിയെന്ന് കോൺഗ്രസ്
ഡല്‍ഹി: ജി.എസ്.ടി നിരക്ക് കുത്തനെ കൂട്ടാനൊരുങ്ങി കേന്ദ്ര സർക്കാർ. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെ 143 ഇനങ്ങളുടെ നികുതി വർധിപ്പിക്കാനാണ് ധനമന്ത്രാലയത്തിന്റെ നീക്കം. ഇക്കാര്യത്തിൽ ജി.എസ്.ടി കൗൺസിൽ സംസ്ഥാനങ്ങളോട് അഭിപ്രായം തേടി.
രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നതിനിടെയാണ് അവശ്യ സാധനങ്ങൾക്ക് അടക്കം നികുതി കൂട്ടാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. ചൂയിങ് ഗം മുതൽ ടെലിവിഷൻ വരെയുള്ള ഉത്പന്നങ്ങൾക്ക് ഇനിയും നികുതി കൂടും. 143 ഇനങ്ങൾക്ക് നികുതി കൂട്ടുന്നതിൽ ജി.എസ്.ടി കൗൺസിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി. ഏറ്റവും ഉയർന്ന നികുതി സ്ലാബായ 28 ശതമാനത്തില്‍ നിന്ന് 178 ഇനങ്ങളെ ഒഴിവാക്കാൻ 2017ലാണ് ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചത്. ഇതേത്തുടർന്ന് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റസ്റ്റോറന്‍റ് അടക്കമുള്ളവയുടെ നികുതി കുറച്ചിരുന്നു. അന്ന് ഇളവ് നൽകിയവയ്ക്കാണ് ഇപ്പോൾ നിരക്കുയർത്തുന്നത്. ഇവയെല്ലാം ഏറ്റവും ഉയർന്ന നികുതി നിരക്കിലേക്ക് എത്തും.
5 ശതമാനം മാത്രം നികുതി ഉണ്ടായിരുന്ന ഇലക്ട്രിക് സ്വിച്ച്, ചോക്ലേറ്റ് എന്നിവയും 12 ശതമാനം നികുതി ഉള്ള അടുക്കള ഉപകരണങ്ങളും 18 ശതമാനം നികുതി നിരക്കിലേക്ക് ഉയർത്തും. ശർക്കരയ്ക്കും പപ്പടത്തിനും അഞ്ച് ശതമാനം നികുതി ചുമത്തും. കേന്ദ്ര നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങളോടുള്ള കടുത്ത ചതിയെന്നാണ് കോൺഗ്രസിന്‍റെ വിമർശനം.
Summary- As part of a proposed rate rationalisation under the Goods and Services Tax (GST) regime to bolster revenues, the GST Council, the governing body for the indirect tax regime, has sought views of states for hiking rates on 143 items.