ഗുജറാത്തിലെ ഈ ജില്ലയില്‍ സെല്‍ഫി എടുത്താല്‍ 'പണി' കിട്ടും
സപുതാര ഉള്‍പ്പെടെ ഡാംഗിലെ ഏത് വിനോദസഞ്ചാര കേന്ദ്രത്തിലും ഇതാണ് അവസ്ഥ. ഇവിടെ ചെന്ന് സെല്‍ഫി എടുത്താല്‍ പിന്നാലെ വരുന്നത് പൊലീസായിരിക്കും
തൊട്ടതിനും പിടിച്ചതിനുമെല്ലാം സെല്‍ഫി എടുക്കുന്നത് ഇപ്പോള്‍ ഒരു പതിവാണ്. ഈ ട്രെന്‍ഡ് തുടങ്ങിയിട്ട് കുറച്ചു നാളുകളായെങ്കിലും ഇപ്പോഴും അതിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഓഫീസില്‍, വീട്ടില്‍, വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ അങ്ങനെ പോകുന്നിടത്തെല്ലാം ഒരു സെല്‍ഫി എടുത്തില്ലെങ്കില്‍ പലര്‍ക്കും അതൊരു ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരത്തില്‍ സെല്‍ഫി ഭ്രമമുള്ളവരോട് ഗുജറാത്തിലെ ഡാംഗ് ജില്ല അധികൃതര്‍ക്ക് പറയാനുള്ളത്. സെല്‍ഫിയും കൊണ്ട് ഈ വഴി വരണ്ടെന്നാണ്. കാരണം ഇവിടെ സെല്‍ഫി എടുക്കുന്നത് കുറ്റകരമാണ്.
സപുതാര ഉള്‍പ്പെടെ ഡാംഗിലെ ഏത് വിനോദസഞ്ചാര കേന്ദ്രത്തിലും ഇതാണ് അവസ്ഥ. ഇവിടെ ചെന്ന് സെല്‍ഫി എടുത്താല്‍ പിന്നാലെ വരുന്നത് പൊലീസായിരിക്കും. സെല്‍ഫികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഗുജറാത്തിലെ ആദ്യ ജില്ല കൂടിയാണ് ഡാംഗ്. നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയാണ് ഡാംഗ്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.കെ ദാമോര്‍ ജൂണ്‍ 23ന് പുറപ്പെടുവിച്ച ഉത്തരവിലാണ് സെല്‍ഫികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. മണ്‍സൂണ്‍ കാലത്ത് പ്രദേശവാസികള്‍ പുഴയിലോ കുളത്തിലോ ഇറങ്ങുന്നതും വസ്ത്രം അലക്കുന്നതും കുളിക്കുന്നതും നിരോധിച്ചിട്ടുണ്ട്. അപകടങ്ങള്‍ തടയുന്നതിനാണിത്. നിയമം ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
''മണ്‍സൂണ്‍ കാലത്ത് നിരവധി സഞ്ചാരികള്‍ ഡാംഗിലെത്താറുണ്ട്. പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടയില്‍ സെല്‍ഫി എടുക്കുന്നത് അപകടത്തിലേക്ക് നയിക്കുമെന്ന്'' ദാമോര്‍ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ നൂറു കണക്കിന് സഞ്ചാരികളാണ് ഡാംഗിലെത്തുന്നത്. ഇവിടെയുള്ള പല ടൂറിസ്റ്റ് കേന്ദ്രങ്ങളും അപകടസാധ്യതയുള്ളതാണ്. ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുമെന്ന് ഡാംഗ് എസ്.പി ആര്‍.എസ് ജഡേജ പറഞ്ഞു.