ചാണകം റേഡിയേഷനെ ചെറുക്കും; പശുക്കടത്ത് കേസില്‍ 22 കാരന് ജീവപര്യന്തം ശിക്ഷ വിധിച്ച് ഗുജറാത്ത് കോടതി
താപി ജില്ലയിലെ വ്യാരയിലെ സെഷൻസ് കോടതിയുടെതാണ് ഈ വിചിത്ര വിധി
വ്യാര: കശാപ്പിനായി പശുക്കളെ കടത്തിക്കൊണ്ടുപോയ കേസില്‍ 22കാരന് ജീവപര്യന്തം ശിക്ഷ വിധിച്ച് ഗുജറാത്ത് കോടതി. കുറ്റകൃത്യത്തിന്‍റെ ഗൗരവത്തെക്കുറിച്ച് പ്രതിയെ ബോധിപ്പിക്കാനായി ചാണകത്തിന്‍റെയും ഗോമൂത്രത്തിന്‍റെയും ഗുണങ്ങള്‍ കോടതി വിശദീകരിക്കുകയും ചെയ്തു. താപി ജില്ലയിലെ വ്യാരയിലെ സെഷൻസ് കോടതിയുടെതാണ് ഈ വിചിത്ര വിധി.
1954ലെ ഗുജറാത്ത് ആനിമൽ പ്രിസർവേഷൻ ആക്ട്, 1954 ലെ സെക്ഷൻ 5, 6, 7 എന്നിവ ലംഘിച്ചതിന് പ്രതിക്ക് ജീവപര്യന്തം ശിക്ഷയും 5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ അഞ്ച് വർഷം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി സമീർ വിനോദ് ചന്ദ്ര വ്യാസ് ഉത്തരവിട്ടതായി ന്യൂസ് പോര്‍ട്ടലായ ന്യൂസ് ക്ലിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹാരാഷ്ട്രയിലെ മാലേഗാവ് സ്വദേശിയായ മുഹമ്മദ് അമീനാണ് കുറ്റക്കാരന്‍. 2020ൽ തെപ്‌സി ജില്ലയിലെ നിജാർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ 16 പശുക്കളെ ട്രക്കിൽ കടത്തുന്നതിനിടെയാണ് അമീൻ അറസ്റ്റിലായത്. ഹിന്ദുക്കള്‍ പവിത്രമായി കരുതുന്ന പശുക്കളെ കശാപ്പ് ചെയ്യുന്നത് ഭൂമിയില്‍ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് വിധി ന്യായത്തില്‍ പറയുന്നു. "ചാണകം കൊണ്ട് നിർമ്മിച്ച വീടുകളെ ആറ്റോമിക് റേഡിയേഷൻ ബാധിക്കില്ല. ഗോമൂത്രത്തിന്‍റെ ഉപയോഗം ഭേദമാക്കാനാവാത്ത പല രോഗങ്ങൾക്കും പ്രതിവിധിയാണ്'' ജഡ്ജി സമീർ വിനോദ് ചന്ദ്ര വ്യാസ് പറഞ്ഞു.
''പശു ഒരു മൃഗം മാത്രമല്ല, മാതാവ് കൂടിയാണ്. പശുവിനോളം വിനയാന്വിതരല്ല ആരും.68 കോടി പുണ്യസ്ഥലങ്ങളുടെയും മൂന്ന് കോടി ദൈവങ്ങളുടെയും ജീവിക്കുന്ന ഗ്രഹമാണ് പശു.ഈ പ്രപഞ്ചം മുഴുവൻ പശുവിനോട് കടപ്പെട്ടിരിക്കുന്നു.അതിന്‍റെ ഗുണങ്ങളും പ്രയോജനങ്ങളും വാക്കുകള്‍ക്ക് അതീതമാണ്. ഗോഹത്യ ഇല്ലാത്ത ദിവസം, ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും, എല്ലായിടത്തും ക്ഷേമമുണ്ടാകും'' ജഡ്ജി പറഞ്ഞു.