'കുടുംബസമേതം ഇസ്‌ലാമിലേക്കു മതംമാറും'; ബി.ജെ.പിക്ക് മുന്നറിയിപ്പുമായി ഗുജറാത്തിലെ ദലിത് നേതാവ്

സോളങ്കി കുടുംബത്തിലെ 150ഓളം പേരും രാജേഷ് സോളങ്കിക്ക് പിന്തുണ അറിയിച്ച് ഇസ്‍ലാമിലേക്കു മതംമാറുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്

Update: 2024-07-14 16:26 GMT
Editor : Shaheer | By : Web Desk

രാജേഷ് സോളങ്കി

Advertising

അഹ്മദാബാദ്: ബി.ജെ.പി എം.എല്‍.എയ്ക്കും കുടുംബത്തിനുമെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കുടുംബത്തോടെ ഇസ്‌ലാമിലേക്കു മതംമാറുമെന്നു ഭീഷണിയുമായി ദലിത് നേതാവ്. ദലിത് സമൂഹത്തിനെതിരെ തുടരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണു നടപടി. പ്രാദേശിക ദലിത് നേതാവും ജുനാഗഢ് സിറ്റി കോണ്‍ഗ്രസ് എസ്.സി-എസ്.ടി സെല്‍ അധ്യക്ഷന്‍ രാജേഷ് സോളങ്കിയാണ് ബി.ജെ.പി നേതൃത്വത്തിനു മുന്നില്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് 'ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തു.

ദലിത് സംഘടനയായ അനുസൂചിത് ജാതി സമാജിന്റെ ജുനാഗഢ് ജില്ലാ അധ്യക്ഷന്‍ കൂടിയാണ് സോളങ്കി. ഗൊണ്ടാല്‍ ബി.ജെ.പി എം.എല്‍.എ ഗീതാബ ജഡേജയ്ക്കും ഭര്‍ത്താവും മുന്‍ എം.എല്‍.എയുമായ ജയരാജ് സിന്‍ഹിനുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സോളങ്കിയുടെ മകനും കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടന എന്‍.എസ്.യു.ഐ നേതാവുമായ സഞ്ജയ് സോളങ്കിയെ ആക്രമിച്ച സംഭവത്തിലാണ് ഭരണകക്ഷിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടു കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

എം.എല്‍.എയുടെ മകന്‍ ജ്യോതിരാദിത്യ സിന്‍ഹ് എന്ന ഗൊണ്ടാല്‍ ഗണേഷ് ആണ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. രാജ്‌കോട്ട് ജില്ലയിലെ ഗൊണ്ടാലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഗണേഷിന്റെ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു പ്രകോപനം. ഇതു ചോദ്യംചെയ്ത സഞ്ജയിയെ തട്ടിക്കൊണ്ടുപോകുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കുകയും ചെയ്തു. പൂര്‍ണമായി നഗ്നനായി നില്‍ക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തി മാപ്പുപറയിക്കുകയും ചെയ്‌തെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പരാതിക്കു പിന്നാലെ ഗണേഷിനും മറ്റു പത്തുപേര്‍ക്കുമെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തു. എസ്.സി-എസ്.ടി അതിക്രമം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. പ്രതികളെല്ലാം നിലവില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.

മൂന്ന് തവണ ബി.ജെ.പി എം.എല്‍.എയായ ജയരാജ് സിന്‍ഹ് ആണ് മകനെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതെന്ന് രാജേഷ് സോളങ്കി ആരോപിച്ചു. കഴിഞ്ഞ 25 വര്‍ഷമായി ബി.ജെ.പി ഗുജറാത്ത് ഭരിക്കുന്നുണ്ട്. ഇക്കാലയളവില്‍ ദലിതുകള്‍ക്കെതിരെ 5,000ത്തോളം ആക്രമണസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉന ആക്രമണത്തിലെ ഇരകള്‍ക്ക് എട്ടു വര്‍ഷമായിട്ടും നീതി ലഭിച്ചിട്ടില്ല. ഗുജറാത്ത് സര്‍ക്കാരിന് പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. എന്നാല്‍, സിറ്റിങ് എം.എല്‍.എയുടെയും മുന്‍ എം.എല്‍.എയുടെയും മകനായ ഗൊണ്ടാല്‍ ഗണേഷ് എന്റെ മകനെ തട്ടിക്കൊണ്ടുപോകുയാണുണ്ടായതെന്നും രാജേഷ് സോളങ്കി മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരും ബി.ജെ.പിയും ഞങ്ങളുടെ ആവശ്യങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ലെങ്കില്‍ ഗാന്ധിനഗറിലേക്കു വലിയ റാലി സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിനോട് രാജേഷ് സോളങ്കി പറഞ്ഞു. ദലിതുകള്‍ക്കു നീതി തേടി മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കു ബി.ജെ.പി അധ്യക്ഷനും മെമോറാണ്ടം സമര്‍പ്പിക്കും. ഇതിനുശേഷവും ഒരു നടപടിയുമുണ്ടായില്ലെങ്കില്‍ ഇസ്‌ലാമിലേക്കു മതംമാറും. ഞങ്ങളുടെ തലതല്ലി പൊളിക്കുന്നവരുടെ മതത്തില്‍ നില്‍ക്കുന്നതില്‍ ഒരു അര്‍ഥവുമില്ല. ഞങ്ങളെ ഹിന്ദുക്കളായി അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരാണ് ഇവിടെയുള്ളത്. നമസ്‌കരിക്കുന്ന ആളുകള്‍ക്ക് പെണ്‍മക്കളെ വിവാഹം കഴിച്ചുകൊടുക്കാന്‍ ഞങ്ങള്‍ ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു.

എം.എല്‍.എയ്ക്കും കുടുംബത്തിനുമെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇസ്‌ലാമിലേക്കു മതംമാറുമെന്നാണ് സോളങ്കി ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് 15നകം എം.എല്‍.എയെ പുറത്താക്കണം. ജയരാജ് സിന്‍ഹിനും മകനുമെതിരെ കേസെടുക്കണം. ഇല്ലെങ്കില്‍ ഇസ്‌ലാമിലേക്കു മതംമാറുമെന്നു ഭീഷണി മുഴക്കിയിരിക്കുകയാണ് ഇവര്‍. മതംമാറ്റത്തിനുള്ള അനുമതി തേടി ജുനാഗഢ് ജില്ലാ കലക്ടറെയും കണ്ടിട്ടുണ്ട് സോളങ്കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്കു വേണ്ട അപേക്ഷാ ഫോം കൈപ്പറ്റിയിരിക്കുകയാണ് അദ്ദേഹം. സോളങ്കി കുടുംബത്തിലെ 150ഓളം പേരും ഇവര്‍ക്കു പിന്തുണ അറിയിച്ച് ഇസ്‍ലാമിലേക്കു മതംമാറുമെന്നു പ്രഖ്യാപിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി.ജെ.പിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയയാളാണ് രാജേഷ് സോളങ്കി. 2004ല്‍ ബി.ജെ.പി ടിക്കറ്റില്‍ ജുനാഗഢ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗമായി. 2009ലാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത്. ഇതേവര്‍ഷം കോണ്‍ഗ്രസില്‍നിന്ന് കൗണ്‍സിലറുമായി. 2014ലും വീണ്ടും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Summary: Gujarat's Congress Dalit Rajesh Solanki leader says family will convert to Islam if BJP MLA, husband don’t face action

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News