ഗുജറാത്തിലെ ദയനീയ പരാജയം; ദേശീയ തലത്തില്‍ പ്രതിപക്ഷത്തിന് വെല്ലുവിളികള്‍ കൂടുന്നു

തുടർച്ചയായി 27 ആം വർഷവും ഗുജറാത്ത് പിടിച്ച ബി.ജെ.പിയുടെ തേരോട്ടം പ്രതിപക്ഷ കക്ഷികള്‍ക്ക് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല

Update: 2022-12-08 08:22 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ഗുജറാത്തിലും ദയനീയ പരാജയം നേരിട്ടതോടെ ദേശീയ തലത്തില്‍ പ്രതിപക്ഷത്തിന് വെല്ലുവിളികള്‍ ഏറുകയാണ്. പാർട്ടിയുടെ സംഘടനാ ദൗർബല്യം കൂടുതല്‍ വെളിവാക്കിയ തെരഞ്ഞെടുപ്പ് ഫലം , കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും ആഴത്തില്‍ പരിശോധിക്കേണ്ടിവരും.

തുടർച്ചയായി 27 -ാം വർഷവും ഗുജറാത്ത് പിടിച്ച ബി.ജെ.പിയുടെ തേരോട്ടം പ്രതിപക്ഷ കക്ഷികള്‍ക്ക് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. 2017 ല്‍ നിന്ന് 50 സീറ്റുകള്‍ ഉയർത്തി ബി.ജെ.പി ഭരണത്തുടർച്ച നേടിയപ്പോള്‍ കോണ്‍ഗ്രസ് തകർച്ചയുടെ നെല്ലിപ്പടി കണ്ടു. ഇത് പ്രതിപക്ഷം പോലും പ്രതീക്ഷിക്കാതെ തിരിച്ചടിയായി. മോദിയെ മുഖമായി ബി.ജെ.പി അവതരിപ്പിച്ചപ്പോള്‍ പ്രചാരണത്തില്‍ പോലും കൃത്യമായ നേതൃത്വമില്ലാത്തതില്‍ തുടങ്ങി കോണ്‍ഗ്രസിന്‍റെ വീഴ്ചകള്‍ നിരവധിയാണ്.

2017-ല്‍ മികച്ച പ്രകടനം നടത്താന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കോണ്‍ഗ്രസിനെ സഹായിച്ചിരുന്നു. എന്നാല്‍ 2022 ല്‍ പ്രചാരണത്തിലെ അസാനിധ്യം കോണ്‍ഗ്രസിനെ ബാധിച്ചു.ഭാരത് ജോഡോ യാത്ര തെരഞ്ഞെടുപ്പ് ആയുധമാക്കാന്‍ പോലും കോണ്‍ഗ്രസ് മെനക്കിട്ടില്ല.ബി.ജെ.പിയും തീവ്രഹിന്ദുത്വ നിലപാടുകള്‍ക്ക് മുന്നില്‍ വീണ്ടും പ്രതിപക്ഷ കക്ഷികള്‍ പതറിയതിന്‍റെ ആകെത്തുകയാണ് ഗുജറാത്തില്‍ കണ്ടത്. ജനങ്ങള ബാധിക്കുന്ന വിഷയങ്ങള്‍ പോലും കൃത്യമായി അവതരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമായി. പുതിയ അധ്യക്ഷനെന്ന നിലയില്‍ പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്‍പ് വീണ്ടും ഉണർത്തുക എന്നത് ഖാർഖെയ്ക്ക് മുന്നിലുള്ള ഹിമാലയന്‍ കടമ്പയാണ്. കോണ്‍ഗ്രസിന് മാത്രമല്ല , പ്രതിപക്ഷ നിരയ്ക്ക് ആകെ ആത്മപരിശോധന നടത്തേണ്ട മുന്നറിയിപ്പാണ് ഗുജറാത്ത് നല്‍കുന്നത് .

പ്രതിപക്ഷ നിരയിലെ ഐക്യമില്ലായ്മയാണ് യുപിയിലെന്ന പോലെ ഗുജറാത്തിലും ബി.ജെ.പി വിജയം അനായാസമാക്കിയത് . 2024 പൊതുതെരഞ്ഞെടുപ്പില്‍ ഗുജറാത്ത് മോഡല്‍ പ്രചാരണം ദേശീയ തലത്തിലും ബി.ജെ.പി പ്രയോഗിക്കുമെന്നുറപ്പാണ്. അതിനെ നേരിടാന്‍ പ്രതിപക്ഷ ആവനാഴിയില്‍ എന്ത് എന്ന ചോദ്യം അവസാനിപ്പിക്കുന്നു ഗുജറാത്തിലെ മോദിയുടെ വലിയ വിജയം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News